ദുരന്തബാധിതരുടെ കടം 
എഴുതിത്തള്ളൽ പരിശോധിക്കണം ; എസ്‌എൽബിസി നിർദേശം



തിരുവനന്തപുരം വയനാട്‌ മുണ്ടക്കൈ ദുരന്തത്തിന്‌ ഇരയായവരുടെ കടമെഴുതിത്തള്ളുന്നത്‌ പരിശോധിക്കാൻ ബാങ്കുകൾക്ക്‌ സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതി (എസ്‌എൽബിസി) നിർദേശം. ദുരന്തബാധിതരുടെ മുഴുവൻ കടവും എഴുതിത്തള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ നിർദേശിച്ചിരുന്നു. കൃഷി വായ്‌പകൾക്കും ചെറുകിട ഇടത്തരം സംരംഭവ വായ്‌പകൾക്കും മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്‌. കൃഷിയോഗ്യമല്ലാതായ ഭൂമിയുടെമേലുള്ള വായ്‌പയിൽ അതാത്‌ ബാങ്കുകൾ തീരുമാനമെടുക്കും. ഇൻഷുറൻസ്‌ ക്ലെയിം ചെയ്യാനുള്ള നടപടിയും ലഘൂകരിക്കും. ദുരന്തബാധിത മേഖലയിലെ 12 ബാങ്കുകളിൽ 35 കോടി രൂപയാണ്‌ ആകെ വായ്‌പാ ബാധ്യതയുള്ളത്‌. കൃഷി, എംഎസ്‌എംഇ വായ്‌പയാണ്‌ ഇതിലധികവും. ഗ്രാമീണ ബാങ്ക്‌(15.44 കോടി), സെൻട്രൽ ബാങ്ക്‌ (6.69 കോടി), കേരള ബാങ്ക്‌ (4.92 കോടി), ബാങ്ക്‌ ഓഫ്‌ ബറോഡ (2.01 കോടി), സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌ (1.36 കോടി), കാനറ ബാങ്ക്‌ (1.29 കോടി), കാർഷിക വികസന ബാങ്ക്‌ (1.02 കോടി), എസ്‌ബിഐ (99 ലക്ഷം), ഇന്ത്യൻ ബാങ്ക്‌ (15.87 ലക്ഷം), പഞ്ചാബ്‌ നാഷണൽ ബാങ്ക്‌ (55 ലക്ഷം), ഇസാഫ്‌ (49 ലക്ഷം), ഫെഡറൽ ബാങ്ക്‌ (34.05 ലക്ഷം) എന്നീ ബാങ്കുകളും വായ്‌പ നൽകിയിട്ടുണ്ട്‌. 2460 പേർക്ക്‌ കാർഷിക വായ്‌പയായി 19.8 കോടിയും 245 പേർക്ക്‌ 3.03 കോടിയും റീട്ടെയ്‌ൽ വായ്‌പയായി 515 പേർക്ക്‌ 12.47 കോടിയുമാണ്‌ വായ്‌പ. ഗ്രാമീണ ബാങ്ക്‌ വായ്‌പാ തിരിച്ചടവ്‌ ഈടാക്കിയത്‌ ശ്രദ്ധയിൽപ്പെട്ടിരുന്നു. സാങ്കേതിക കാരണങ്ങളാലാണ്‌ ഇതുണ്ടായത്‌. ഈതുക ഞായറാഴ്‌ച രാത്രിയോടെ തിരികെ നൽകിയതായി എസ്‌എൽബിസി കൺവീനർ കെ എസ്‌ പ്രദീപ്‌ പറഞ്ഞു. കടമെഴുതിത്തള്ളൽ സംബന്ധിച്ച്‌ ബാങ്ക്‌ ഡയറക്ടർ ബോർഡുകൾ യോഗം ചേർന്ന്‌ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ചീഫ്‌ സെക്രട്ടറി ഡോ. വി വേണു, ശാരദാമുരളീധരൻ, ടിങ്കു ബിസ്വാൾ, ഷർമിള മേരി ജോസഫ്‌, ജാഫർ മാലിഖ്‌, അദീല അബ്ദുള്ള, ബാവേന്ദ്ര കുമാർ, റിസർവ്‌ബാങ്ക്‌, നബാർഡ്‌, ഇൻഷുറൻസ്‌ കമ്പനി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News