തിരച്ചിൽ തുടരുന്നു ; 
6 ശരീരഭാഗങ്ങൾകൂടി കിട്ടി



ചൂരൽമല ദുരന്തത്തിൽ കാണാതായവർക്കായി ഞായർ നടന്ന പ്രത്യേക തിരച്ചിലിൽ മനുഷ്യരുടേതെന്ന് കരുതുന്ന ആറു ശരീരഭാഗങ്ങൾ  കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടതിനുതാഴെ പരപ്പൻപാറയുൾപ്പെടെയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള തിരച്ചിലിൽ ആനടിക്കാപ്പിൽനിന്നാണ്‌ ശരീരഭാഗങ്ങൾ ലഭിച്ചത്‌. ഇവ മനുഷ്യരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ദുരന്തമേഖലയിൽ ആറു ഇടങ്ങളായി തിരിഞ്ഞുള്ള തിരച്ചിലിനൊപ്പം സൂചിപ്പാറയുടെ താഴ്‌ന്ന പ്രദേശത്തേക്ക് 43 അംഗങ്ങളുള്ള രണ്ടു പ്രത്യേകസംഘത്തെ നിയോഗിച്ചായിരുന്നു ഞായറാഴചത്തെ ദൗത്യം. ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തബാധിതരുടെയും സർവകക്ഷി പ്രതിനിധികളുടെയും യോഗത്തിലെ ആവശ്യം പരിഗണിച്ച്‌ മന്ത്രിസഭ ഉപസമിതി പ്രത്യേക തിരച്ചിൽ തീരുമാനിക്കുകയായിരുന്നു.  ചെങ്കുത്തായ വനമേഖലയിൽ എൻഡിആർഎഫ്‌, അഗ്നിരക്ഷാസേന, വനംവകുപ്പ്‌ ജീവനക്കാർ, പൊലീസ്‌ എന്നിവരും സന്നദ്ധപ്രവർത്തകരും പ്രത്യേക തിരച്ചിലിന്റെ ഭാഗമായി. വിവിധ സേനകളിൽനിന്നായി 25 പേരും 18 സന്നദ്ധപ്രവർത്തകരുമാണ്‌ രാവിലെ ആറുമുതൽ പകൽ 3.30വരെ തിരച്ചിൽ നടത്തിയത്‌. ശരീരഭാഗങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി ബത്തേരി താലൂക്ക്‌ ആശുപത്രിയിൽ എത്തിച്ചു. 27 ദിവസമായി തുടരുന്ന തിരച്ചിലിൽ 231 മൃതദേഹവും 218 ശരീരഭാഗവും ഇതുവരെ കണ്ടെത്തി. തിരച്ചിൽ തിങ്കളും തുടരും. Read on deshabhimani.com

Related News