കണ്ണീർമല മായുന്നു ; ഇനി പുതുപാഠം


മേപ്പാടി സ്‌കൂളിൽ ചൊവ്വാഴ്ച അധ്യയനം 
പുനരാരംഭിച്ചപ്പോൾ സ്കൂൾ അസംബ്ലിയിൽ, മരിച്ച സഹപാഠികളെ ഓർത്ത് 
വിതുമ്പുന്ന വിദ്യാർഥി ഫോട്ടോ:- എം എ ശിവപ്രസാദ്


മേപ്പാടി കവിളിലൂടെയിറങ്ങിയ കണ്ണീർച്ചാൽ തോർന്നിരുന്നില്ല. തൊട്ടുരുമ്മിയിരുന്ന കൂട്ടുകാരുടെ മുഖങ്ങൾ ഓർമയിൽ നിറഞ്ഞു. മുണ്ടക്കൈ പൊട്ടിയൊഴുകിയ രാത്രിതൊട്ട് വീടായും ക്യാമ്പായും പ്രവർത്തിച്ച മുറ്റത്ത് വീണ്ടുമവർ സ്കൂൾ അസംബ്ലിയിൽ നിരന്നുനിന്നു. ഓർമകളുടെ പുസ്‌തകത്താളുകളിൽ പ്രിയകൂട്ടുകാരെ ചേർത്തുവച്ചു. നെഞ്ചുലഞ്ഞവരെ അധ്യാപകർ ചേർത്തണച്ചു. പൊള്ളുന്ന അനുഭവങ്ങളിൽ അവർ ഉരുകി. ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്‌ച അധ്യയനം പുനരാരംഭിച്ചപ്പോൾ മൂന്നുപേരുകൾ ഹാജർ ബുക്കിലുണ്ടായിരുന്നില്ല. ദുരന്തത്തിൽ ശരണും മുഹമ്മദ്‌ നൈഷാനും ഹിനയും കണ്ണീർപ്പൂക്കളായി. ശരണിനൊപ്പം ഒരു ബെഞ്ചിലിരുന്ന്‌ പഠിച്ച  റിസ്വാനെ അധ്യാപിക രാധ സ്‌റ്റാഫ്‌ മുറിയിലിരുത്തി ആശ്വസിപ്പിച്ചു.  ദുരന്തബാധിതർക്ക്‌ ഭക്ഷണമൊരുക്കിയ സ്കൂൾ മുറ്റത്തെ പന്തലിൽ അസംബ്ലിക്ക്‌ നിൽക്കുമ്പോൾ പലരും വിതുമ്പലടക്കി.  പ്രിയപ്പെട്ടവർക്ക്‌ ആദരാഞ്ജലി അർപ്പിച്ച്‌ കുട്ടികൾ ക്ലാസ്‌ മുറികളിലേക്ക്‌ നീങ്ങി.    മേപ്പാടി ഗവ. എൽപി, സെന്റ്‌ ജോസഫ്‌സ്‌ യുപി, സെന്റ്‌ ജോസഫ്‌സ്‌ ഗേൾസ്‌ ഹൈസ്കൂൾ എന്നിവിടങ്ങളിലും  ക്ലാസ്‌ തുടങ്ങി.  ഉരുൾപൊട്ടിയ ജൂലൈ 30 മുതൽ ഈ സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായിരുന്നു. ഉരുൾ തകർത്ത വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സെപ്‌തംബർ രണ്ട്‌ മുതൽ മേപ്പാടി സ്കൂളിൽ അധ്യയനം തുടങ്ങും. മേപ്പാടിയിലെ എ പി ജെ ഹാളിൽ മുണ്ടക്കൈ എൽപി സ്കൂളും തുറക്കും.   Read on deshabhimani.com

Related News