മുണ്ടക്കൈ ഉരുൾപൊട്ടൽ ; കേന്ദ്രസഹായം കടലാസിൽ മാത്രമാകും
തിരുവനന്തപുരം മുണ്ടക്കൈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിലുളള കേന്ദ്രത്തിന്റെ അടിയന്തര സഹായം കടലാസിൽ മാത്രമാകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്‌ച ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലെ പ്രസ്‌താവനയിൽനിന്ന് തെളിയുന്നത് ഇതാണ്. 214.68 കോടി രൂപ അടിയന്തര സഹായമായി ചോദിച്ചിടത്ത് 153.46 കോടി അനുവദിക്കാമെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ദുരന്തബാധിതരെയും കേരളത്തെയും വീണ്ടും അവഹേളിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. രാജ്യം അടുത്തിടെ കണ്ട ഏറ്റവും വലിയ ദുരന്തമുണ്ടായിട്ടും അടിയന്തര സഹായം നൽകിയില്ലെന്നു മാത്രമല്ല, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും കേന്ദ്രം തയ്യാറായില്ല. എന്നാൽ മറ്റു സംസ്ഥാനങ്ങളോട് ഈ സമീപനമല്ല കേന്ദ്രത്തിന്. ഹൈക്കോടതി പലതവണ ഇടപെട്ടപ്പോഴാണ് എൻഡിആർഎഫിൽനിന്ന് 153.46 കോടി രൂപ അനുവദിച്ചത്. ദുരന്തമുണ്ടായാലും ഇല്ലെങ്കിലും എസ്‌ഡിആർഎഫിലേക്ക് ധനകമീഷൻ നിർദേശിച്ച തുക അനുവദിക്കാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്. എസ്‌ഡിആർഎഫിൽ 75 ശതമാനമാണ് കേന്ദ്രവിഹിതം. കേരളത്തിന്റെ എസ്‌ഡിആർഎഫ് 388 കോടിയാണ്. ഇതിൽ 291.20 കോടിയാണ് കേന്ദ്രവിഹിതം. ഈ ഫണ്ട് സംസ്ഥാനത്താകെ ഉപയോഗിക്കാനുള്ളതാണ്. അതിനാലാണ് ആഗസ്‌ത് 17ന്, വയനാടിന് 214.68 കോടിയുടെ അടിയന്തരസഹായത്തിന് അപേക്ഷ നൽകിയത്. ഇതിലാണ് 153.46 കോടി രൂപ അംഗീകരിച്ചതായുള്ള അറിയിപ്പ്. ഏപ്രിൽ ഒന്നിന്റെ കണക്കു പ്രകാരം എസ്‌ഡിആർഎഫിൽ 558 കോടിയുണ്ട്. ഇതിന്റെ പകുതിയിൽ താഴെയാണ് കേന്ദ്രം തരാമെന്നേറ്റ 153.46 കോടി എന്നതിനാൽ ഈ സഹായം ലഭിക്കില്ല. എസ്‌ഡിആർഎഫ് വയനാടിനു മാത്രമായി ഉപയോഗിക്കാമെങ്കിൽ അക്കാര്യം പറയാൻ എന്തിന് മൂന്നു മാസമെടുത്തു എന്ന ചോദ്യം ബാക്കിയാണ്. നിവേദനം നൽകിയത് ആഗസ്‌ത് 17ന് ദുരന്തത്തെത്തുടർന്ന് ആഗസ്‌ത് 17ന് ആണ് സംസ്ഥാനം അടിയന്തരസഹായത്തിന് അപേക്ഷ നൽകിയത്. പിന്നീട് മുഖ്യമന്ത്രി ഡൽഹിയിലെത്തി വിശദമായ നിവേദനം നൽകി. പുനരധിവാസം ഉൾപെടെയുള്ള വിശദ റിപ്പോർട്ട് (പിഡിഎൻഎ) നവംബർ 13ന് നൽകി. പിഡിഎൻഎ തയ്യാറാക്കുന്നതു സംബന്ധിച്ച കേന്ദ്രസർക്കാർ പുതിയ നിദേശം പുറത്തിറക്കിയത് ആഗസ്‌ത് 14ന് ആണ്. റിപ്പോർട്ട് തയ്യാറാക്കുന്നതെങ്ങനെ എന്ന് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനുള്ള നടപടി കേന്ദ്രം തുടങ്ങിയിട്ടേയുള്ളൂവെങ്കിലും സംസ്ഥാനം ഇക്കാര്യത്തിലും ജാഗ്രത കാണിച്ചതിനാലാണ് മൂന്നു മാസത്തിനുള്ളിൽ പിഡിഎൻഎ നൽകാനായത്. സഹായം രേഖയിൽ മാത്രമാക്കാൻ കേന്ദ്രനീക്കം : മന്ത്രി കെ രാജൻ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള സഹായം രേഖയിൽ മാത്രമായി ഒതുക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് മന്ത്രി കെ രാജൻ. ദുരന്തമേഖലയിലുള്ളവരുടെ കടങ്ങൾ എഴുതിത്തള്ളണം, ദേശീയദുരന്തമായി പ്രഖ്യാപിക്കണം, അധികസഹായം അനുവദിക്കണം തുടങ്ങിയ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. കോടതിയിലും ഇക്കാര്യത്തിൽ കേന്ദ്രം മറുപടി നൽകിയിട്ടില്ല. ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് കേന്ദ്രം കോടതിയിൽ പറഞ്ഞിട്ടുള്ളത്. റിപ്പോർട്ട് വരുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വേണം അതിതീവ്രദുരന്ത പ്രഖ്യാപനവും പ്രത്യേക സഹായവും മുണ്ടക്കൈ ഉരുൾപൊട്ടലിനെ അതിതീവ്രദുരന്തമായി പ്രഖ്യാപിക്കുകയും പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം പ്രത്യേക സഹായം നൽകണമെന്നതുമാണ് കേരളത്തിന്റെ പ്രധാന ആവശ്യമെന്ന് സംസ്ഥാന സർക്കാർ ഹെെക്കോടതിയിൽ.251 പേർ മരിക്കുകയും 47 പേരെ കാണാതാകുകയും ചെയ്ത ദുരന്തത്തിൽ ഇതുവരെ പ്രത്യേക അടിയന്തര അധിക ദുരിതാശ്വാസസഹായം ലഭിച്ചിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ കുര്യാക്കോസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ദുരന്തത്തിന് ഇരയായവരുടെ വ്യക്തിഗതവായ്പകൾ എഴുതിത്തള്ളുന്നതിലും കേന്ദ്രം അനുകൂല നിലപാടെടുത്തിട്ടില്ല. അടിയന്തരസഹായമെന്ന നിലയിൽ രണ്ടുഗഡുക്കളായി 291.2 കോടിയാണ് ഇതുവരെ ലഭിച്ചത്. ഇത് പുനരധിവാസത്തിന് പര്യാപ്തമല്ലെന്ന് ഒക്ടോബർ 25ന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയതാണ്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് സഹായങ്ങൾ നൽകുമ്പോൾ പാലിക്കേണ്ട മാനദണ്ഡപ്രകാരം പൂർണമായും തകർന്ന വീടിന് 1,30,000 രൂപമാത്രമാണ് ലഭ്യമാക്കാനാകുക. റോഡ് നിർമാണം, കെട്ടിടനിർമാണം തുടങ്ങിയവയ്‌ക്കുള്ള തുകയും പര്യാപ്തമല്ല. അതിനാലാണ് ദേശീയദുരന്തമായി പ്രഖ്യാപിച്ച് അധികസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നത്. വിദഗ്ധരടങ്ങിയ പ്രത്യേകസംഘം പുനരുദ്ധാരണത്തിനും പുനരധിവാസത്തിനുമടക്കം തയ്യാറാക്കിയ 2219.033 കോടിയുടെ പ്രത്യേക സഹായത്തിനുള്ള റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. Read on deshabhimani.com