കോഴിക്കോട് പേരാമ്പ്ര ടൗണിന് സമീപം കാട്ടാനയിറങ്ങി



കോഴിക്കോട്∙ തിരുവോണദിവസം പേരാമ്പ്രയെ വിറപ്പിച്ചു ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. കാടുമായി നേരിട്ട് ബന്ധമില്ലാത്ത ജനവാസം കൂടുതലുള്ള മേഖലിയിലാണ് അപ്രതീക്ഷിതമായി കാട്ടാന എത്തിയത്. ഞായറാഴ്ച പുലർച്ചെ മോഴയാന പേരാമ്പ്ര ടൗണിന് സമീപം വരെയെത്തി. വിവരമറിയിച്ചതിനെ തുടർന്ന് വയനാട്ടിൽ നിന്നുള്ള എലിഫന്റ് സ്ക്വാഡ് പേരാമ്പ്രയിലെത്തിയിട്ടുണ്ട്. ആന നിലവിൽ പന്തിരിക്കരയിലെ വയലിലും കൃഷിയിടങ്ങളിലുമായി തുടരുകയാണ്. പ്രഭാത സവാരിക്കിറങ്ങിയവരാണ് പള്ളിത്താഴ ഭാഗത്ത് ആനയെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരുവണ്ണാമൂഴിയിൽ നിന്ന് വനപാലകരും പേരാമ്പ്ര പൊലീസും സ്ഥലത്തെത്തി. പെരുവണ്ണാമൂഴി കാടുകളിൽ നിന്ന് 5 കിലോമീറ്റർ ദൂരെയാണ് നിലവിൽ ആനയുടെ സ്ഥാനം. ഞായറാഴ്ച പുലർച്ചെ 2 മണിയോടെ പന്തിരിക്കര ഭാഗത്തും 5 മണിയോടെ പേരാമ്പ്ര പൈതോത്ത് പള്ളിതാഴെ ഭാഗത്തുമാണ് കാട്ടാനയെ കണ്ടത്. പിന്നീട് നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ആന അവിടെനിന്ന് മാറി പള്ളിയറക്കണ്ടി ഭാഗത്തേക്ക് നീങ്ങി. അവിടെ നിന്നും മാറി ചാത്തോത്ത് ചാലിൽ എത്തി. പെരുവണ്ണാമുഴി ഭാഗത്തുള്ള വനമേഖലയിൽ നിന്ന് ആന ഇറങ്ങിയതെന്നാണ് കരുതുന്നത്. ഇത്രയും ദൂരത്തെത്തിയ ആനയെ തിരിച്ച് കാട്ടിലേക്ക് അയയ്ക്കുന്നത് വെല്ലുവിളിയാണ്. അക്രമ സ്വഭാവം ഇല്ലാത്ത ആനയാണ് എന്ന ആശ്വാസത്തിലാണ്. എന്നാൽ ആൾക്കൂട്ടവും ബഹളവും ആനയെ പ്രകോപിപ്പിക്കുമോ എന്ന ആശങ്കയുമുണ്ട്. Read on deshabhimani.com

Related News