വനിതാ വികസന കോർപറേഷന്‌ ദേശീയ പുരസ്കാരം



തിരുവനന്തപുരം ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ (എൻഎംഡിഎഫ്‌സി) ദക്ഷിണേന്ത്യയിലെ മികച്ച ചാലകസംഘടനയ്‌ക്കുള്ള ദേശീയ അംഗീകാരം തുടർച്ചയായി രണ്ടാംവർഷവും സംസ്ഥാന വനിതാ വികസന കോർപറേഷന്‌. ആലപ്പുഴയിൽ എൻഎംഡിഎഫ്‌സി ചാനലൈസിങ്‌ ഏജൻസികളുടെ ദക്ഷിണ മേഖലാസമ്മേളനത്തിൽ പ്രവർത്തന മികവിനുള്ള ഒന്നാംസ്ഥാനം വനിതാ വികസന കോർപ്പറേഷന്‌ സമ്മാനിച്ചു. കോർപ്പറേഷൻ എംഡി വി സി ബിന്ദു, എൻഎംഡിഎഫ്‌സി സിഎംഡി ഡോ. ആഭാറാണി സിങ്ങിൽനിന്ന്‌ പുരസ്കാരം ഏറ്റുവാങ്ങി. വനിതകളുടെ ഉന്നമനത്തിനായി വനിതാ വികസന കോർപ്പറേഷൻ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോർപ്പറേഷന് 175 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി അടുത്തിടെ അനുവദിച്ചിരുന്നു. 2023-–-24ൽ 36,105 വനിതകൾക്ക് സ്വയംതൊഴിൽ സംരംഭത്തിന് 340 കോടിരൂപ നൽകി. ഈവർഷം 375 കോടി രൂപയുടെ വായ്പാ വിതരണത്തിലൂടെ 75,000 വനിതകൾക്ക് തൊഴിലവസരങ്ങൾ നൽകാനാണ് ശ്രമം. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ ഉന്നമനം,  കോർപ്പറേഷന്റെ ഓഹരി വിഹിത സംഭാവന, എൻഎംഡിഎഫ്‌സിയിൽനിന്ന്‌ സ്വീകരിച്ച വായ്പാത്തുകയുടെ മൂല്യം, തിരിച്ചടവിലെ കൃത്യത എന്നിവയുടെ മൂല്യനിർണയത്തിലാണ് കോർപ്പറേഷൻ ഒന്നാമത്തെത്തിയത്. Read on deshabhimani.com

Related News