സ്‌ത്രീകളുടെ തൊഴിൽ അവകാശം 
ഉറപ്പുവരുത്തും: മുഖ്യമന്ത്രി



തിരുവനന്തപുര> സ്‌ത്രീകളുടെ തൊഴിൽ അവകാശത്തിനും അഭിമാന സംരക്ഷണത്തിനുംവേണ്ടി സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാട്‌ കൈക്കൊള്ളുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നിർഭയമായി കലാമികവ്‌ തെളിയിക്കുന്നതിന്‌, സുരക്ഷിതത്വമുള്ള വിധത്തിൽ കലാരംഗത്തെ ശുദ്ധീകരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ രണ്ടാമത്‌ പുരസ്കാരം നടൻ മോഹൻലാലിന്‌ നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സിനെ മലിനമാക്കുന്ന അംശങ്ങൾ സിനിമയിലോ സിനിമാ മേഖലയിലോ ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ആ രംഗത്ത്‌ പ്രവർത്തിക്കുന്നവർക്കുണ്ട്‌. കലാകാരികളുടെ മുന്നിൽ ഒരു ഉപാധിയും ഉണ്ടാകരുത്‌. കലേതരമായ ഒരവസ്ഥയും ഉണ്ടാകരുത്‌. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്‌ നിർബന്ധമുള്ളതുകൊണ്ടാണ്‌ ചില പരാതികൾ ഉണ്ടായപ്പോൾ സ്‌ത്രീകളുടേതുമാത്രമായ കമ്മിറ്റിയെ നിയോഗിച്ചത്‌. ഇന്ത്യയിൽ ഒരിടത്തുമാത്രമേ ഇത്തരമൊരു നടപടി ഉണ്ടായിട്ടുള്ളൂ. അത്‌ കേരളത്തിലാണ്‌. ഇത്‌ അഭിമാനിക്കാവുന്ന ഒരു മാതൃകയാണ്‌. ഈ മാതൃക പലയിടത്തും സ്വീകരിക്കപ്പെടുമെന്ന്‌ ഉറപ്പാണ്‌. ചലച്ചിത്രരംഗത്തിന്റെ വികസനം മുന്നിൽക്കണ്ട്‌ കാര്യമായ ഇടപെടലുകളാണ്‌ സംസ്ഥാന സർക്കാർ നടത്തുന്നത്‌. നിലവാരവും ജനപ്രിയതയും ഒരുപോലെ നിലനിർത്തിയ ചിത്രങ്ങളുടെ ശിൽപ്പിയാണ്‌ ശ്രീകുമാരൻ തമ്പി. മാറിവരുന്ന തലമുറകൾ ഏറ്റുപാടുന്ന മലയാളഗാനങ്ങളുടെ സ്രഷ്ടാവുമാണ്‌. ഇതിനെല്ലാം മേലെയാണ്‌ കവി എന്ന നിലയിലുള്ള വ്യക്തിത്വം. മലയാളസിനിമയുടെ യശസ്സ്‌ ഉയർത്തിയതിൽ കേരളം മോഹൻലാലിനോട്‌ കടപ്പെട്ടിരിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. നിശാഗന്ധി ഓഡിറ്റോറിയത്തിൽ "ശ്രീമോഹനം’ എന്ന പേരിൽ നടന്ന പരിപാടിയിൽ മന്ത്രി സജി ചെറിയാൻ, മോഹൻലാൽ, എം വിജയകുമാർ, നിംസ്‌ എംഡി ഡോ.എം എസ്‌ ഫൈസൽഖാൻ, ഫൗണ്ടേഷൻ ചെയർമാൻ ഗോകുലം ഗോപാലൻ, ഫൗണ്ടേഷൻ പ്രസിഡന്റ്‌ ജി  ജയശേഖരൻനായർ, ജനറൽ സെക്രട്ടറി സി ശിവൻകുട്ടി, പ്രിയദർശൻ തമ്പി എന്നിവരും സംസാരിച്ചു. സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് കല്ലിയൂർ ശശിക്കും ഗാനാലാപന മത്സരത്തിലെ വിജയികൾക്കും മോഹൻലാൽ ഉപഹാരങ്ങൾ നൽകി. പുരസ്‌കാരസമർപ്പണത്തിനുശേഷം ശ്രീകുമാരൻതമ്പിയുടെ സിനിമാഗാനങ്ങൾ ഉൾപ്പെടുത്തിഗാനസന്ധ്യയും നടന്നു.   Read on deshabhimani.com

Related News