ജോബ്‌ സ്‌റ്റേഷനിൽ വരൂ, തൊഴിൽ തയ്യാർ



തളിപ്പറമ്പ്‌ > തൊഴിൽ അന്വേഷർക്കായി തളിപ്പറമ്പിൽ തുറന്ന ജോബ്‌ സ്‌റ്റേഷനിലേക്ക്‌ ഒരാഴ്‌ചക്കിടെ എത്തിയത്‌ 87 ഫോൺവിളികൾ. സംരംഭകത്വം തുടങ്ങാൻ സന്നദ്ധത അറിയിച്ച്‌ എട്ടുപേരുമെത്തി. തളിപ്പറമ്പ്‌ സാമ്പത്തിക വികസന കൗൺസിലിന്റെ (ടി ഇഡിസി) വിജ്ഞാനതൊഴിൽ- സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി ഫോൺ ഇൻ ഹെൽപ്‌ ഡെസ്‌കും വെബ്‌സൈറ്റും 12നാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. തൊഴിലന്വേഷകർക്ക് വിവരങ്ങൾ നൽകി, യോഗ്യതയും നൈപുണ്യവും ഉറപ്പാക്കി അനുയോജ്യ തൊഴിൽ നേടാൻ എം വി ഗോവിന്ദൻ എംഎൽഎ നടപ്പാക്കുന്നതാണ്‌ വിജ്ഞാന തൊഴിൽ- സംരംഭകത്വ വികസന പദ്ധതി. ഇതിന്റെ ഡിജിറ്റൽ സംവിധാനമായ ഡിഡബ്ല്യുഎംഎസി(ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റം) മുഖേന മണ്ഡലത്തിൽ 12,822 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ 3,350 പേർ ശാസ്ത്രീയ തൊഴിൽ അഭിരുചി പരീക്ഷ എഴുതി കരിയർ കൗൺസിലിങ് പൂർത്തിയാക്കിയവരാണ്‌. ആറുമാസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കാൻ താല്പര്യമുള്ള 2,659 പേരുണ്ട്‌.  ഉടൻ ജോലി വേണമെന്ന് ആവശ്യപ്പെട്ട 1,295 പേരിൽ  64 ശതമാനവും ചുരുങ്ങിയത്‌ ജില്ലയിൽ ജോലി ആഗ്രഹിക്കുന്നു. തളിപ്പറമ്പ്‌ മണ്ഡലത്തിൽ ഇതിനകം രണ്ടുതൊഴിൽ മേളകളും ആറ് പ്ലേസ്‌മെന്റും ഡ്രൈവും നടന്നു. മൂന്നൂറിലധികം പേർ വിവിധ സ്ഥാപനങ്ങളിൽ പ്രവേശിച്ചു. ഓൺലൈൻ ഡ്രൈവുകളിലൂടെ പ്രവേശിച്ചവരുമുണ്ട്‌. നോളജ് എക്കണോമി മിഷൻ സർവേ പ്രകാരം മണ്ഡലത്തിൽ  21- നും 40 നും മധ്യേ പ്രായമുള്ളവരിൽ ഡിപ്ലോമ (253), ബിരുദം (1629), ബിരുദാനന്തര ബിരുദം (747), പ്ലസ് ടു (1957) ഐടിഐ (107) യോഗ്യതയുള്ളവരാണ്‌. ഇവർക്ക്‌കൂടി തൊഴിലവസരങ്ങൾ ഒരുക്കലാണ്‌ ലക്ഷ്യം. മണ്ഡലത്തിലെ അഭ്യസ്‌തവിദ്യരായ ഉദ്യോഗാർഥികൾക്കെല്ലാം ഇഷ്‌ട തൊഴിൽ നേടാൻ സഹായിക്കുന്ന വിജ്ഞാനസേവന സൗഹൃദകേന്ദ്രമായാണ്‌ നോളജ് ഇക്കണോമി മിഷന്റെ ഒമ്പതാമത്‌ ജോബ്‌ സ്‌റ്റേഷൻ സർസയ്യിദ്‌ കോളേജിൽ തുറന്നത്‌. ഉദ്യോഗാർഥിക്ക്‌ ജോബ്‌ സ്‌റ്റേഷനിൽ ബയോഡാറ്റ സമർപിക്കാം.  ബയോഡാറ്റ തയ്യാറാക്കാൻ  കരിയർ കൗൺസിലർമാർ സഹായിക്കും. അഭിമുഖ പരിശീലനവും ലഭിക്കും. തൊഴിൽ ദാതാക്കൾക്കും സേവനംലഭിക്കും.   Read on deshabhimani.com

Related News