പേവിഷ ബാധയ്ക്കെതിരെ വേണം ജാഗ്രത
കൊല്ലം > പേവിഷബാധ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ മനസ്സിലാക്കി പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. രോഗബാധയുടെ കാരണങ്ങളും രോഗത്തിന്റെ ഗുരുതരാവസ്ഥയും ചികിത്സയും സംബന്ധിച്ച് അവബോധം ഉണ്ടായാലേ പ്രതിരോധം സാധ്യമാകൂ. അണുബാധയുള്ള മൃഗങ്ങളുടെ ഉമിനീരില്‍നിന്നാണ് രോഗം മനുഷ്യരിലേക്ക് എത്തുക. പ്രതിരോധമാണ് പേ വിഷബാധയ്‌ക്കെതിരെയുള്ള ഫലപ്രദമായ പരിഹാരമാര്‍ഗം. മൃഗങ്ങളുടെ കടി, മാന്തല്‍, പോറല്‍ എന്നിവയുണ്ടായാല്‍ ഈഭാഗം 15 മിനിറ്റെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. മുറിവുള്ള സ്ഥലത്ത് മൃഗങ്ങൾ നക്കുന്നതിലൂടെയും രോഗം പകരും. ഇത്തരം സാഹചര്യത്തിൽ ആന്റി റാബിസ് ഇമ്മ്യൂണോ ഗ്ലോബുലിന്‍ കൂടി എടുക്കണം. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തെരഞ്ഞെടുത്ത ജില്ല, ജനറല്‍ ആശുപത്രികളിലും വാക്സിൻ സൗജന്യമായി ലഭിക്കും. മൃഗങ്ങളുമായി നിരന്തരം ഇടപെടുന്നവർ മുന്‍കൂട്ടി വാക്‌സിന്‍ എടുക്കണം. മൃഗങ്ങളെ ഓമനിക്കുമ്പോൾ ശ്രദ്ധപുലർത്താൻ കുട്ടികളെ പരിശീലിപ്പിക്കണം. കടിയോ മാന്തലോ ലഭിച്ചാൽ അച്ഛനമ്മമാരെ അറിയിക്കാനും നിര്‍ദേശിക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് യഥാസമയം കുത്തിവയ്‌പ് എടുക്കുകയും വേണം. Read on deshabhimani.com