നർത്തകി യാമിനി കൃഷ്‌ണമൂർത്തിക്ക്‌ വിട നൽകി നാട്‌

യാമിനി കൃഷ്‌ണമൂർത്തി പത്മവിഭൂഷൺ ഏറ്റുവാങ്ങുന്നു (ഫയൽചിത്രം)


തിരുവനന്തപുരം> തിരുമല തിരുപ്പതി ക്ഷേത്രം അതിന്റെ ചരിത്രത്തിൽ ഇതുവരെ രണ്ടുപേരെ മാത്രമാണ്‌ ആസ്ഥാന കലാകാരന്മാരായി പ്രഖ്യാപിച്ചിട്ടുള്ളത്‌. അതിലൊരാളാണ്‌ യാമിനി കൃഷ്‌ണമൂർത്തി, മറ്റൊരാൾ കർണാട്ടിക്‌ സംഗീതജ്ഞ എം എസ്‌ സുബ്ബലക്ഷ്‌മിയും. ഇപ്പോൾ രണ്ടുപേരും ഈ ലോകത്തില്ല. നൃത്തമല്ലാതെ മറ്റൊന്നിനോടും ആവേശം തോന്നിയിട്ടില്ല യാമിനി കൃഷ്‌ണമൂർത്തിക്ക്‌. ജീവിതത്തിൽ പ്രണയം തോന്നിയത്‌ ആരോടെന്ന്‌ ചോദിച്ചാൽ "നൃത്ത'മെന്നാകും ഉത്തരം. "വിവാഹ ജീവിതം എനിക്ക്‌ പറഞ്ഞിട്ടുള്ളതല്ല. കുട്ടികളായി എന്റെ ശിക്ഷ്യരുണ്ടല്ലോ' –-വിവാഹത്തെപ്പറ്റി ഒരിക്കൽ അവർ പറഞ്ഞതിങ്ങനെ. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ജനിച്ച യാമിനിയാണ്‌ ഭരതനാട്യത്തെയും കുച്ചിപ്പുടിയെയും ഉത്തരേന്ത്യൻ കലാപ്രേമികൾക്കിടയിൽ പ്രിയപ്പെട്ടതാക്കിയത്‌. തിരുമല തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്ഥാന നർത്തകിയെന്ന സ്ഥാനം ലഭിച്ച കലാകാരിയെന്ന പ്രത്യേകതയും യാമിനി കൃഷ്‌ണമൂർത്തിക്കുണ്ട്‌. ചിറ്റൂരിലെ മദനപ്പള്ളിയിൽ സംസ്‌കൃത പണ്ഡിതരുടെയും കലാസ്‌നേഹികളുടെയും കുടുംബത്തിൽ 1940 ഡിസംബർ 20നായിരുന്നു ജനനം. തമിഴ്‌നാട്ടിലെ ചിദംബരത്താണ്‌ അവർ വളർന്നത്‌. രുക്‌മിണി ദേവി അരുൺഡേലിന്റെ കീഴിൽ കലാക്ഷേത്രയിൽ ആദ്യകാല പഠനം. കലാക്ഷേത്രയിൽനിന്ന്‌ പിൻമാറിയശേഷം അവർ ഗുരു കിട്ടപ്പ പിള്ള, ഗുരു ഏലപ്പ പിള്ള, മൈലാപൂർ ഗൗരിയമ്മ എന്നിവരിൽനിന്നും നൃത്തം പഠിച്ചു. നൃത്തത്തിനും നർത്തകർക്കും രാജ്യവ്യാപകമായി ആസ്വാദകരുള്ള കാലത്തായിരുന്നു യാമിനിയുടെ വരവ്‌. യാമിനിയെന്ന നർത്തകിയുടെ വളർച്ചയുടെ കാലമായിരുന്നു പിന്നീട്‌. ഇന്ത്യൻ ശാസ്‌ത്രീയ നൃത്തത്തിന്റെ നെടുംതൂണായി മരണംവരെ യാമിനി നിലനിന്നു. അവസാന നാളുകളിൽ സഹോദരങ്ങളായിരുന്നു യാമിനിയുടെ കാര്യങ്ങൾ നോക്കിയത്‌. നീണ്ട നാൾ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ്‌ 84–-ാം വയസ്സിലെ വിടവാങ്ങൽ. ആ അതുല്യകലാകാരിക്ക്‌ നാട്‌ വിട ചൊല്ലുമ്പോൾ സമകാലികരും ശിക്ഷ്യരും ഒരുപോലെ ദുഃഖം പങ്കുവയ്ക്കുകയാണ്‌. Read on deshabhimani.com

Related News