രുചിക്കാനായില്ല ‘ഹൗസ് ഓഫ് യേശുദാസി'ലെ മാമ്പഴം ; യെച്ചൂരിയുടെ ആഗ്രഹം ബാക്കി

സീതാറാം യെച്ചൂരി


മട്ടാഞ്ചേരി > സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിടപറയുമ്പോൾ സഖാവിന്റെ ആഗ്രഹം സഫലമാക്കാനാകാതെ ഫോർട്ട് കൊച്ചിയിലെ ഹൗസ് ഓഫ് യേശുദാസ്. ഗാനഗന്ധർവൻ യേശുദാസിന്റെ തറവാടുവീട്ടിൽ അദ്ദേഹത്തിന്റെ അമ്മ നട്ടുവളർത്തിയ മാവിനെക്കുറിച്ച് വാർത്തകളിലൂടെ അറിഞ്ഞ യെച്ചൂരി, മാമ്പഴത്തിനായി രണ്ടുതവണ ഇവിടെ എത്തി. 2010ൽ ആദ്യതവണ എത്തിയപ്പോൾ മാവ്‌ കായ്ച്ചിട്ടില്ലായിരുന്നു. അടുത്ത വരവിൽ കൊണ്ടുപോകാമെന്നു പറഞ്ഞ് മടങ്ങി. 2023 മാർച്ചിൽ ബിനാലെ കാണാൻ ഫോർട്ട് കൊച്ചിയിലെത്തിയപ്പോഴും ഹൗസ് ഓഫ് യേശുദാസ് സന്ദർശിച്ചു. അന്ന് മാവ് കായ്ച്ചെങ്കിലും മാങ്ങ മൂത്തിരുന്നില്ല. അടുത്ത വരവിൽ മാങ്ങയുമായേ മടങ്ങൂവെന്ന് ഉറപ്പിച്ചിരുന്നെങ്കിലും വിധി മറിച്ചായിരുന്നു. യേശുദാസിന്റെ തറവാടുവീട് വാങ്ങിയ സി എ നാസർ അദ്ദേഹത്തിന്റെ അഭ്യർഥന മാനിച്ച്‌ മാവ് മുറിച്ചുനീക്കിയില്ല. പിന്നീട്‌ വീടിന് ചെറിയ രൂപമാറ്റം വരുത്തി ഹോട്ടലാക്കിയപ്പോൾ മാവിന്റെ കൊമ്പുകൾക്ക്‌ വളരാൻ പാകത്തിന്‌ സുഷിരമിട്ടു. മാവ് സംരക്ഷിച്ച് നിലനിർത്തിയതിന് നാസറിനെ അഭിനന്ദിച്ചാണ്‌ അവസാന സന്ദർശനത്തിനുശേഷം യെച്ചൂരി മടങ്ങിയത്‌. Read on deshabhimani.com

Related News