കായൽ നീന്തി ലോക റെക്കോർഡിടാൻ ആറ് വയസ്സുകാരൻ



വൈക്കം > വേമ്പനാട്ട് കായൽ ഏഴ് കിലോമീറ്ററോളം നീന്തിക്കടന്ന് ലോക റെക്കോർഡിടാൻ തയ്യാറെടുക്കുകയാണ് ആറ് വയസ്സുകാരനായ ശ്രാവൺ എസ് നായർ. കേരളത്തിലെ ഏറ്റവും വലിയ കായലായ  വേമ്പനാട്ട് കായലിലെ ആലപ്പുഴ അമ്പലക്കടവ് വടക്കുംകരയിൽ നിന്ന്  വൈക്കം കായലൊര ബീച്ച് വരെയുള്ള ആഴമേറിയ ഭാ​ഗമാണ് ഈ വരുന്ന 14 ശനിയാഴ്ച ശ്രാവൺ നീന്തിക്കയറുക. ഇതുവഴി വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം പിടിക്കുകയാണ് ലക്ഷ്യം. ആദ്യമായാണ് ഏഴ് കിലോമീറ്റർ ആറ് വയസ്സുകാരൻ നീന്തി റെക്കോർഡ് ഇടാൻ ഒരുങ്ങുന്നത്. നിലവിലെ റെക്കോർഡ് 4.5 കിലോമീറ്ററാണ്. കോതമംഗലം വാരപ്പെട്ടി ഇളങ്ങവം ശ്രീജ ഭവനിൽ ശ്രീജിത്തിന്‍റെയും രഞ്ചുഷയുടെയും മകനായ ശ്രാവൺ മൂവാറ്റുപുഴ കനേഡിയൻ സെൻട്രൽ സ്കൂൾ വിദ്യാർഥിയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ കോതമംഗലം വാരപ്പെട്ടി പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച സൗജന്യ നീന്തൽ പരിശീലനമാണ് ശ്രാവണിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. സഹോദരി ശ്രേയക്കൊപ്പം നീന്തൽ കാണാൻ വന്ന ശ്രാവൺ തനിക്കും നീന്തൽ പഠിക്കണമെന്ന ആഗ്രഹം പരിശീലകൻ ബിജു തങ്കപ്പനെ അറിയിച്ചു. അദ്ദേഹത്തിന്റെ പരിശീലനത്തിൽ ശ്രാവണിലെ മികച്ച നീന്തൽക്കാരൻ പുറത്തു വരികയായിരുന്നു. മൂവാറ്റുപുഴയാറിലെ കുത്തൊഴുക്കിലായിരുന്നു പരിശീലനം.   Read on deshabhimani.com

Related News