വ്യാജ ഐഡി കാർഡുണ്ടാക്കിയത്‌ മാങ്കൂട്ടത്തിലിന്റെ അനുയായി ; നിർണായക തെളിവ്‌ പുറത്ത്‌



തിരുവനന്തപുരം യൂത്ത്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ നേതാക്കളുടെ ലാപ്‌ടോപ്‌ ഉപയോഗിച്ചാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ വ്യാജ ഐഡി കാർഡ്‌ നിർമിച്ചതെന്ന്‌ തെളിഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്‌ത കാർഡുകളിൽ ഫോട്ടോയും പേരും മാറ്റിയതാണെന്ന്‌ തിരുവനന്തപുരം ഫോറൻസിക്‌ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായിയും കേസിലെ പ്രതിയുമായ അഭിനന്ദ്‌ വിക്രമന്റെ ലാപ്‌ടോപിൽനിന്നാണ്‌ നിർണായക തെളിവ്‌ ലഭിച്ചത്‌. മ്യൂസിയം പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ ഭാഗമായി പത്തനംതിട്ട സ്വദേശിയും യൂത്ത്‌ കോൺഗ്രസ്‌ നേതാവുമായ അഭിനന്ദ്‌ വിക്രമന്റെ ലാപ്‌ടോപും മൊബൈൽഫോണും പിടിച്ചെടുത്തിരുന്നു. കമീഷന്റെ വെബ്‌സൈറ്റിൽനിന്ന്‌ തിരിച്ചറിയൽകാർഡ്‌ ഡൗൺലോഡ്‌ ചെയ്‌ത്‌ മാറ്റംവരുത്തിയത്‌ ഈ ലാപ്‌ടോപിലാണെന്നാണ്‌ കണ്ടെത്തിയത്‌. കാർഡിൽ ആളിന്റെ പേരും ഫോട്ടോയും മാറ്റി. സീരിയൽ നമ്പറിൽ വ്യത്യാസം വരുത്തിയതുമില്ല. 21 പേരുടെ പേരിൽ ഈ ലാപ്‌ടോപ് ഉപയോഗിച്ച് വ്യാജ കാർഡ്‌ നിർമിച്ചിട്ടുണ്ട്‌. ഇതാണ്‌ യൂത്ത്‌ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ തയ്യാറാക്കിയ ആപ്പിൽ അപ്‌ലോഡ്‌ ചെയ്‌തതും. ഇതുപയോഗിച്ചാണ്‌ രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചത്‌.  കോട്ടയം കാണക്കാരി പഞ്ചായത്തിലെ 27ഉം, മലപ്പുറത്ത്‌ ഏഴും വ്യാജ കാർഡുകൾ നിർമിച്ചതായി പൊലീസ്‌ നേരത്തെ കണ്ടെത്തിയിരുന്നു. വോട്ടിങിനുശേഷം 67158 അപേക്ഷകരെ ഒഴിവാക്കിയിരിന്നു. പിടിച്ചെടുത്ത മൊബൈൽഫോണുകൾ വിശദ പരിശോധനയ്‌ക്കായി ചണ്ഡീഗഡിലെ നാഷണൽ ഫോറൻസിക്‌ ലാബിലേക്ക്‌ അയച്ചിരിക്കുകയാണ്‌. ക്രൈംബ്രാഞ്ച്‌ സെൻട്രൽ യൂണിറ്റാണ്‌ അന്വേഷണം നടത്തുന്നത്‌. വ്യാജ കാർഡുകളിലെ വിലാസത്തിലുള്ളവരെ നേരിൽക്കണ്ട്‌ കൂടുതൽ വിവരവും ശേഖരിക്കും. നടൻ അജിത്തിന്റെ പേരിലും 
വ്യാജ കാർഡ്‌ യൂത്ത്‌കോൺഗ്രസ്‌ തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കാൻ സിനിമാതാരം അജിത്തിന്റെ ചിത്രവും ഉപയോഗിച്ചതായി കണ്ടെത്തൽ. പ്രതികളുടെ കൈയിൽനിന്ന്‌ പിടിച്ച ലാപ്‌ടോപിൽനിന്നാണ്‌ നടന്റെ പേരിലുള്ള വ്യാജ കാർഡ്‌ കണ്ടെത്തിയത്‌. വിവരങ്ങൾ നൽകിയില്ല; 
കോടതി വാറന്റയച്ചു സംഘടനാ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ വ്യാജ തെരഞ്ഞെടുപ്പ്‌ ഐഡി കാർഡുണ്ടാക്കിയ കേസിൽ വിവരം കൈമാറാൻ തയ്യാറാകാതെ യൂത്ത്‌ കോൺഗ്രസ്‌. തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനുള്ള മൊബൈൽ ആപ്പിന്റെ വിവരം കൈമാറാൻ അന്വേഷകസംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയിട്ടില്ല. ഈ ആവശ്യമുന്നയിച്ച്‌ പൊലീസ്‌ കോടതിയെ സമീപിച്ചു. കോടതി ആവശ്യപ്പെട്ടിട്ടും യൂത്ത്‌ കോൺഗ്രസിനായി മൊബൈൽ ആപ്‌ തയ്യാറാക്കിയ അഭിജിത് സിങ്‌ ഹാജരാകാൻ തയ്യാറായില്ല. തുടർന്ന്‌ തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ കോടതി വാറണ്ട്‌ അയച്ചു. 20ന്‌ കോടതിയിൽ ഹാജരാകാനാണ്‌ കോടതി നിർദേശം. Read on deshabhimani.com

Related News