കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി
പാലക്കാട്> കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കോൺഗ്രസ് നേതൃത്വത്തിനെതിരെ പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി ടി വൈ ശിഹാബുദ്ദീനാണ് രംഗത്തെത്തിയിരിക്കുന്നത്. പാർടി പ്രവർത്തകരുടെ മേൽ സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കാം പക്ഷേ ജനങ്ങളുടെ മേൽ സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് ശിഹാബുദ്ദീൻ ഫേസ്‌ബുക്കിൽ കുറിച്ചു. പാർടിയിൽ നിന്നും രാജിവച്ചു പോകുന്നവർ പറയുന്നതിലെ കാതലായ വിഷയങ്ങളെക്കുറിച്ച് ഗൗരവമായി നേതൃത്വം കണ്ടില്ലെങ്കിൽ നിർണായകമായ സമയത്ത് വളരെ വലിയ വിലയാണ് പാർടിക്ക് നൽകേണ്ടി വരിക എന്നും പാലക്കാട്ടെ കോൺഗ്രസ് യുവ നേതൃത്വത്തിൽ മുറിവേറ്റവർ പലരാണെങ്കിലും മുറിവേൽപ്പിച്ച 'കത്തി'ഒന്നു തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു. മുറിവൈദ്യം കൊണ്ട് ഭേദമാക്കാൻ കഴിയുന്നതല്ല ഈ 'കത്തി'പാലക്കാട്ടെ കോൺഗ്രസിനുണ്ടാക്കിയ പരിക്ക് . രോഗമറിഞ്ഞുള്ള ചികിത്സയാണ് പാലക്കാട് കോൺഗ്രസിന് ആവശ്യമെന്നുമാണ് ശിഹാബുദ്ദീൻ കുറിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് പാലക്കാട് നിന്നുയരുന്നത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്റുമായ എ കെ ഷാനിബും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. പല മണ്ഡലങ്ങളിലും കോൺഗ്രസ്- –- ബിജെപി ഡീൽ ഉണ്ടെന്ന ആരോപണവുമായാണ് ഷാനിബ് രംഗത്തെത്തിയത്. തുടർന്ന് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി വാർത്താ സമ്മേളനം നടത്തിയെന്ന പേരിൽ ഷാനിബിനെ കോൺഗ്രസ് നേതൃത്വം പുറത്താക്കിയിരുന്നു. Read on deshabhimani.com