‘പൊലീസിനെ 
നാട്ടിൽ നേരിടും ’ ; ഭീഷണിമുഴക്കി സുധാകരൻ



തിരുവനന്തപുരം വെള്ളി മുതൽ പൊലീസിനെതിരെ അക്രമം നടത്തുമെന്ന്‌ യൂത്ത്‌കോൺഗ്രസ്‌ സമരത്തിനിടെ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ഭീഷണി. ‘‘ പൊലീസ് അല്ല പട്ടാളം വന്നാലും വെടിവച്ചാലും സമരം ഇവിടെ നിൽക്കില്ല. കയ്യാങ്കളി കളിച്ച് ആയുധം കാട്ടി ഭീഷണിപ്പെടുത്തി മർദിച്ച് ചോരവീഴ്ത്തി ഞങ്ങളെ ഒതുക്കാൻ നോക്കേണ്ട.   അതിനു ശ്രമിക്കുന്ന ഓരോ പൊലീസുകാരനെയും ഞങ്ങൾ നാട്ടിൽ വച്ച് കണ്ടുമുട്ടും.  കന്റോൺമെന്റ്‌ എസ്‌ഐയുടെ കാര്യം ഞാനേറ്റു. ഒരു സംശയവും വേണ്ട, നാളെ മുതൽ നിങ്ങൾ നോക്കിക്കോ.  ’’   – യൂത്ത്‌ കോൺഗ്രസ്‌ സമരസ്ഥലത്തെത്തിയ സുധാകരൻ ഭീഷണിമുഴക്കി. സെക്രട്ടറിയേറ്റിനു മുന്നിൽ മണിക്കൂറുകൾ അക്രമം നടത്തി റോഡ്‌ സ്തംഭിപ്പിച്ച യൂത്ത്‌കോൺഗ്രസ്‌ സമരത്തിന്‌ പിന്നാലെയാണ്‌ പൊലീസിനെ കൈകാര്യം ചെയ്യുമെന്ന സുധാകരന്റെ ആക്രോശം. വ്യാഴാഴ്‌ച യൂത്ത്‌  കോൺഗ്രസുകാർ അക്രമം തുടങ്ങിയതോടെ എട്ടുതവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ സെക്രട്ടറിയറ്റ്‌ പരിസരം യുദ്ധസമാനമാക്കി. തുടർന്ന്‌ പൊലീസ്‌ ലാത്തിവീശി. യൂത്ത്‌കോൺഗ്രസ്‌ നേതാവ്‌ അബിൻ വർക്കിയുടെ റോഡിൽ കിടന്നുള്ള നാടകത്തിനൊടുവിലാണ്‌ കെ സുധാകരൻ, എം ലിജു അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയത്‌. ‘ ആശുപത്രിയിൽ പോകില്ലെ ’ ന്ന്‌ വാശിപിടിച്ചായിരുന്നു അബിൻ വർക്കിയുടെ കരച്ചിൽ. രണ്ടുദിവസം മുൻപെ സമരത്തിൽ അക്രമം അഴിച്ചുവിടാൻ  തിരുവനന്തപുരം ഡിസിസി യോഗം ചേർന്ന്‌ പദ്ധതി ആസൂത്രണം ചെയ്‌തതായും ആരോപണമുണ്ട്‌. വെള്ളിയാഴ്‌ചത്തെ കോൺഗ്രസ്‌ സെക്രട്ടറിയേറ്റ്‌ മാർച്ച്‌ കെപിസിസി യുടെ ഓൺലൈൻ യോഗത്തിലും ചർച്ചയായി. മാർച്ചിന്‌ കൂടുതൽ ആളുകളെ എത്തിക്കാനും അക്രമം വ്യാപിപ്പിക്കാനുമാണ്‌ പദ്ധതി. Read on deshabhimani.com

Related News