യുഎസ് കപ്പലിൽ നിന്ന് മലയാളിയെ കാണാതായി

ആൽബർട്ട് ആന്റണി


കാസർകോട് > അമേരിക്കൻ കപ്പലിൽനിന്നും കാസർകോട് സ്വദേശിയായ ജീവനക്കാരനെ കാണാതായി. മാലക്കല്ല് അഞ്ചാലയിലെ ആൽബർട്ട് ആന്റണി (21)യെയാണ് കാണാതായത്. ചൈനയിൽനിന്നും ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയായിരുന്ന അമേരിക്കൻ കപ്പലിൽനിന്നാണ് കാണാതായത്. ശ്രീലങ്കയിൽനിന്നും നൂറ് നോട്ടിക്കൽ മൈൽ അകലെയുള്ള സമുദ്രത്തിലാണ് സംഭവം. ഏപ്രിൽ 13നാണ് ആൽബർട്ട്‌ കപ്പൽ ജോലിക്കായി നാട്ടിൽനിന്ന്‌ പോയത്.  ഡിസംബറിൽ തിരിച്ച് വരാനിരിക്കുകയായിരുന്നു. ട്രെനിയിങ് കേഡറ്റായി ജോലി ചെയ്തുവരുകയായിരുന്നു. വ്യാഴം രാത്രി ഏഴിന്‌ വീട്ടുകാരുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. വെള്ളി രാത്രി ഒമ്പതിന്‌ വിളിക്കാം എന്ന് പറഞ്ഞാണ്‌  ഫോൺ കട്ടുചെയ്തത്‌. പിന്നീട്‌  വീട്ടുകാർ അയച്ച വാട്‌സാപ്പ് മെസ്സേജുകൾക്കൊന്നും പ്രതികരിച്ചില്ല. വെള്ളി വൈകിട്ട് ഏഴോടെയാണ്  കാണാതായത് സംബന്ധിച്ച്‌ വീട്ടുകാർക്ക്‌ വിവരം ലഭിക്കുന്നത്. വെള്ളി പകൽ 11 മുതൽ കാണാനില്ലെന്നാണ് കപ്പൽ കമ്പനി ഉദ്യോഗസ്ഥർ  വീട്ടിൽ നൽകിയ കത്തിൽ പറയുന്നത്.  തിരച്ചിൽ നടത്തിവരുന്നുണ്ടെന്നും അറിയിച്ചു. എംവി ട്രൂ കോൺറാഡ് കോൾ സൈൻ ഡി 5 എൻഎൽ 5 ഐഎംഒ 9778430 എന്ന കപ്പലിലാണ് ആൽബർട്ട് ജോലി ചെയ്യുന്നത്. ശനി രാത്രിയോടെ കപ്പൽ കമ്പനിയുടെ ഉദ്യോഗസ്ഥർ ആൽബർട്ടിന്റെ വീട്ടിലെത്തിയിരുന്നു. അഞ്ചാല കുഞ്ചിരക്കാട്ട് വീട്ടിൽ റിട്ട. തഹസിൽദാർ കെ എം ആന്റണിയുടെയും പനത്തടി സർവീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി എം എൽ ബീനയുടെയും മകനാണ് ആൽബർട്ട്‌. സഹോദരങ്ങൾ: അബി ആന്റണി (ഗൾഫ്), അമൽ ആന്റണി (കാനഡ). Read on deshabhimani.com

Related News