12 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്‌; എൻഡിഎയുടെ അംഗങ്ങളുടെ എണ്ണം 115 ആയി



ന്യൂഡൽഹി > രാജ്യസഭയിലേക്ക്‌ 12 പുതിയ അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു. ഇതിൽ 11 പേർ ഭരണകക്ഷിയായ എൻഡിഎയിൽ നിന്നും ഒരാൾ കോൺഗ്രസിൽ നിന്നുമാണ്‌. എൻഡിഎയിലെ 11 പേരിൽ ഒൻപത്‌ പേരും ബിജെപിയെ പ്രതിനീധീകരിക്കുന്നു. ഈ വർഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാജ്യസഭ അംഗങ്ങളായ 10 പേർ വിജയിച്ചിരുന്നു. ഈ സീറ്റുകളിലേക്കും നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന തെലങ്കാന, ഒഡീഷ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ്‌ ഇപ്പോൾ പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്‌. രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട എൻഡിഎ അംഗങ്ങളിൽ കേന്ദ്ര മന്ത്രിമാരായ ജോർജ്‌ കുര്യൻ, രൺവീർ സിങ്‌ ബിട്ടു എന്നിവർ ഉൾപ്പെടും. ജോർജ്‌ കുര്യനെ മധ്യ പ്രദേശിൽ നിന്നും രൺവീർ സിങ് ബിട്ടുവിനെ രാജസ്ഥാനിൽ നിന്നുമാണ്‌ തെരഞ്ഞെടുത്തത്‌. ഇതിൽ രൺവിർ സിങ്‌ ബിട്ടു രാജ്യസഭയിലേക്കെത്തുന്നത്‌ ആലപ്പുഴയിൽ വിജയിച്ച കെ സി വേണുഗോപാലിന്റെ പകരക്കാരനായാണ്‌. കോൺഗ്രസ്‌ നേതാവായ അഭിഷേക്‌ മനു സിങ്‌വിയെ തെലങ്കാനയിൽ നിന്നാണ്‌ തെരഞ്ഞെടുത്തത്‌. രഞ്ജൻ ദാസ്, രാമേശ്വർ തെലി(അസം), മനൻ കുമാർ മിശ്ര(ബിഹാർ), കിരൺ ചൗധരി(ഹരിയാന), ധര്യഷീൽ പാട്ടീൽ (മഹാരാഷ്ട്ര), മമത മൊഹന്ത (ഒഡീഷ), റജീബ് ഭട്ടാചാരി (ത്രിപുര) എന്നിവരാണ്‌ ബിജെപിയിൽ നിന്ന്‌ രാജ്യസഭയിലെത്തുന്ന മറ്റുള്ളവർ. എൻസിപിയുടെ (അജിത്‌ പവാർ) നിതിൻ പാട്ടീൽ (മാഹാരാഷ്‌ട്ര), രാഷ്‌ട്രീയ ലോക്‌ മോർച്ചയുടെ  ഉപേന്ദ്ര കുശ്‌വാഹ (ബിഹാർ) എന്നിവരും എൻഡിഎയുടെ ഭാഗമായി രാജ്യസഭയിലേക്കെത്തി. എൻഡിഎയുടെ 11 എംപിമാർ കൂടി രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതോടെ സഭയിലെ മുന്നണിയുടെ എംപിമാരുടെ എണ്ണം 115 ആയി ഉയർന്നു. 237 സീറ്റുകൾ ആകെ ഉള്ള രാജ്യസഭയിൽ 119 സീറ്റുകളാണ്‌ ഭൂരിപക്ഷത്തിന്‌ ആവശ്യം. ജമ്മു & കശ്‌മീരിലെ നാല്‌ സീറ്റുകൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്‌. രാജ്യസഭയിലെ എൻഡിഎയുടെ അംഗസംഖ്യ ഉയർന്നത്‌ ബജെപിക്ക്‌ പല ബില്ലുകളും പ്രാബല്യത്തിൽ വരുത്താൻ തുണയാകും. വഖഫ്‌ ബിൽ ഉൾപ്പെടെയുള്ള പല ബില്ലുകളും ഇതിൽ ഉൾപ്പെടുന്നവയാണ്‌. ബിജെപിക്ക്‌ നിലവിൽ 96 പേരും കോൺഗ്രസിന്‌ 27 പേരുമാണ്‌ രാജ്യസഭയിൽ അംഗങ്ങളായി ഉള്ളത്‌. Read on deshabhimani.com

Related News