മദ്യലഹരിയിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിനു മുകളിൽ വീണു; 2 പേർക്ക് ദാരുണാന്ത്യം
അഹമ്മദാബാദ് > മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം. അഹമ്മദാബാദിലെ നരോദ - ദെഹ്ഗാം റോഡിൽ ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. കാറോടിച്ചിരുന്നയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച ശേഷം റോഡിന്റെ മറുഭാഗത്തുകൂടി പോവുകയായിരുന്ന സ്കൂട്ടറിന് മുകളിലേക്ക് പതിക്കുകയുമായിരുന്നു. സ്കൂട്ടർ യാത്രികരായ അമിത് റാത്തോർ (26), വിശാൽ റാത്തോർ (27) എന്നിവരാണ് മരിച്ചത്. അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്ന ഗോപാൽ പട്ടേൽ എന്നയാളെ നാട്ടുകാർ പൊലീസിന് കൈമാറി. മുമ്പിൽ പോവുകയായിരുന്ന ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. Read on deshabhimani.com