ഐശ്വര്യത്തിനായി നാല് വയസുകാരിയെ കൊന്നു; ആൾദൈവവും ബന്ധുവും പിടിയിൽ



ലഖ്നൗ> യുപിയിൽ നാല് വയസുകാരിയെ ബലി നൽകിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ആൾദൈവവും ബന്ധുവായ സ്ത്രീയുമാണ്‌ പിടിയിലായത്‌. ബറേലിക്ക് സമീപത്ത ശിഖർപൂർ ചധൗരി ​ഗ്രാമത്തിലെ മിസ്റ്റി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടെയാണ്‌ കൊലപാതക വിവരം പുറത്തുവരുന്നത്‌. ശനിയാഴ്ച ശികർപൂർ ചൗധരി ഗ്രാമത്തിലെ വീട്ടിൽ നിന്നാണ്‌ പെൺകുട്ടിയെ കാണാതാവുന്നത്‌. തുടർന്ന് ഇസത്ത് നഗർ പൊലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൃതദേഹം ബന്ധുവിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടിയുടെ ബന്ധുവായ സാവിത്രി അസ്വാഭാവികമായി പെരുമാറിയത്‌. വീട്ടിലേക്ക് കുട്ടിയുടെ മാതാപിതാക്കളെ പോലും കടത്തിവിടാത്ത സാഹചര്യം ഉണ്ടായതിനെ തുടർന്ന്‌ പൊലീസ് സാവിത്രിയുടെ വീട്ടിൽ തിരച്ചിൽ നടത്തുകയായിരുന്നു. അപ്പോഴാണ്‌ കുഴൽ കിണറിന് സമീപത്ത് ചാക്കിൽകെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സാവിത്രിയും മന്ത്രവാദിയായ ഗംഗാ റാമും ചേർന്നാണ്‌ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന്‌ പോലീസ് പറഞ്ഞു.   Read on deshabhimani.com

Related News