13 മാസത്തിനിടെ 9 കൊലപാതകം: സീരിയൽ കില്ലർ പൊലീസ് പിടിയിൽ



ലക്നൗ > ഉത്തർപ്രദേശിലെ ബറേലിയിൽ നടന്ന കൊലപാതക പരമ്പരയുടെ പ്രതി പൊലീസ് പിടിയൽ. 38കാരനായ കുൽദീപ് കുമാർ ഗാംഗ്‌വാറിനെയാണ് ബറേലി പൊലീസ്  പിടികൂടിയത്. 13 മാസത്തിനിടെ, 42നും 60നും ഇടയിൽ പ്രായമുള്ള ഒൻപത് സ്ത്രീകളാണ് ഒരേ രീതിയിൽ കൊല്ലപ്പെട്ടത്. 2023 ജൂണിനും 2024 ജൂലൈയ്ക്കും ഇടയിലാണ് ബറേലിയിലെ ​ഗ്രാമങ്ങളിൽ കൊലപാതക പരമ്പര നടന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സ്ത്രീകളെ എത്തിച്ച് പ്രതി ലൈം​ഗീക താൽപര്യം പ്രകടിപ്പിക്കും. എതിർക്കുന്ന സ്ത്രീകളെ  ആക്രമിച്ച് കീഴ്പ്പെടുത്തി അവർ ധരിച്ച സാരികൊണ്ടു തന്നെ കഴുത്തുഞെരിച്ച് കൊല്ലും. എന്നാൽ ഇരകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈം​ഗീകാതിക്രമം നടന്നതായി പറഞ്ഞിട്ടില്ല. ബന്ധപ്പെടുന്നതിനു മുൻപേ തന്നെ എതിർക്കുന്ന സ്ത്രീകളെ പ്രതി കൊന്നുകളയുമെന്നാണ് പൊലീസ് നി​ഗമനം. പ്രതിയുടെ ബാല്യകാലമാണ് ഇത്തരം വൈകൃതങ്ങളിലേക്ക് പ്രതിയെ എത്തിച്ചതെന്ന് പൊലീസ് പറയുന്നു. കുൽദീപിന്റെ പിതാവ്, അമ്മയെ സംശയിക്കുകയും നിരന്തരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. അച്ഛന്റെ രണ്ടാം വിവാഹവും, പിതാവിന് അമ്മയോടുള്ള വൈരാ​ഗ്യവും കുൽദീപിനെ ആഴത്തിൽ വേദനിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അഭിപ്രായപ്പെട്ടു. ഇയാളെ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്നും പൊലീസ് അറിയിച്ചു. 22 ടീമുകളാണ് പ്രതിയെ പിടികൂടാനായി രൂപീകരിച്ചത്. 150 മൊബൈൽ നമ്പറുകൾ നിരന്തരം നിരീക്ഷിച്ചു. 1500 സിസിടിവി ഫൂട്ടേജുകളും പരിശോധിച്ചാണ്  പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.   Read on deshabhimani.com

Related News