യുപിയിൽ സീരിയൽ കില്ലിങ്: പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്



ബറേലി > ഉത്തർപ്രദേശിലെ ബറേലിയിൽ 13 മാസത്തിനിടെ ഒരേ പ്രായത്തിലുള്ള ഒൻപത് സ്ത്രീകളെ ഒരേ രീതിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. എല്ലാ സ്ത്രീകളെയും സാരികൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ഷാഹി, ഷീഷ്ഗഡ്, ഷെർഗഡ് പോലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ വർഷം 40-65 വയസ് പ്രായമുള്ള എട്ട് സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. എല്ലാ കേസുകളിലും, മൃതദേഹങ്ങൾ കരിമ്പ് തോട്ടങ്ങളിൽ നിന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ നിലയിൽ കണ്ടെത്തിയെങ്കിലും ലൈംഗികാതിക്രമം ഉണ്ടായിട്ടില്ല. സ്ത്രീകളെ അവർ ധരിച്ചിരുന്ന സാരി ഉപയോ​ഗിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. എട്ടാമത്തെ കൊലപാതകത്തിന് ശേഷം 300 പൊലീസുകാരുടെ അധികസേന 14 വിഭാ​ഗങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. നൈറ്റ് പെട്രോളിം​ഗും കടുപ്പിച്ചതൊടെ കൊലപാതകത്തിന് ഇടവേളയായി. എന്നാൽ കഴിഞ്ഞ മാസം 45കാരിയായ അനിത എന്ന സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെട്ട നിലയിൽ കരിമ്പിൽ തോട്ടത്തിൽ നിന്ന് കണ്ടെത്തി. ഇതോടെ പൊലീസ് കൂടുതൽ ജാ​ഗ്രതയോടെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഷെർഗഡിലെ ഭുജിയ ജാഗിർ ഗ്രാമ നിവാസിയാണ് കൊല്ലപ്പെട്ട അനിത. ജൂലൈ 2ന് പണം പിൻവലിക്കാൻ ബാങ്കിലേക്ക് പോയതാണ്. പിന്നീട് മരണപ്പെട്ട നിലയിൽ കരിമ്പിൻ തോട്ടത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ജനങ്ങൾ ജാ​ഗരൂപരായിരിക്കണമെന്ന് പൊലീസ് അറിയിച്ചു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് രമിത് ശർമ്മ, ഇൻസ്പെക്ടർ ജനറൽ രാകേഷ് കുമാർ, സീനിയർ പോലീസ് സൂപ്രണ്ട് അനുരാഗ് ആര്യ, പോലീസ് സൂപ്രണ്ട് മനുഷ് പരീഖ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി. Read on deshabhimani.com

Related News