വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി: 2024ൽ ലഭിച്ചത് 994 സന്ദേശങ്ങൾ



ന്യൂഡൽഹി > 2024ൽ മാത്രം ഇന്ത്യയിൽ വിമാനസർവീസുകൾക്കു നേരെ ഉണ്ടായത് 994 ബോംബ് ഭീഷണികൾ. സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോളാണ് പാർലമെന്റിൽ കണക്കുകൾ അവതരിപ്പിച്ചത്. എംപി കാർത്തികേയ  ശർമയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി കണക്കുകൾ അവതരിപ്പിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് ഭീഷണികളുടെ എണ്ണത്തിൽ വൻ വർധനവാണ് 2024ൽ രേഖപ്പെടുത്തിയത്. 2022 ആ​ഗസ്ത് മുതൽ 2024 നവംബർ വരെ ആകെ 1,143 വ്യാജ ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. 2022 ആ​ഗസ്ത് മുതൽ ഡിസംബർ വരെ 27 സന്ദേശങ്ങൾ ലഭിച്ചു. 2023ൽ 123 സന്ദേശങ്ങൾ ലഭിച്ചു. ഈ വർഷം കണക്കിൽ ​ഗണ്യമായ വർധനവാണുണ്ടായത്. 994 സന്ദേശങ്ങളാണ് ഈ വർഷം ലഭിച്ചത്. സന്ദേശങ്ങൾ വ്യാപകമായതോടെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പുതിയ പ്രോട്ടോക്കോളുകൾ പുറത്തിറക്കിയതായും മന്ത്രി പറഞ്ഞു. എല്ലാ വിമാനത്താവളങ്ങളിലും ബോംബ് ത്രെറ്റ് അസസ്മെന്റ് കമ്മിറ്റി രൂപീകരിച്ചതായും മന്ത്രി പറഞ്ഞു. പല സ്ഥലങ്ങളിൽ നിന്നാണ് ഭീഷണികൾ എത്തുന്നതെന്നും ഒരു പ്രത്യേക സ്ഥലത്തുനിന്നും അല്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ വർഷം കഴിഞ്ഞ 3 മാസങ്ങളിലാണ് ഭീഷണികൾ വ്യാപകമായത്. 680 സന്ദേശങ്ങളാണ് ലഭിച്ചത്. ഇൻഡി​ഗോ എയർലൈൻസിനു നേരെയാണ് കൂടുതൽ സന്ദേശങ്ങളും- 197. എയർ ഇന്ത്യയ്ക്ക് 178ഉം വിസ്താരയ്ക്ക് 151ഉം സന്ദേശങ്ങൾ ലഭിച്ചു. ഡൽഹി, മഹാരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾക്കാണ് കൂടുതൽ ഭീഷണികളും ലഭിച്ചത്. 282ഉം 244ഉം. കേരളത്തിൽ സമാനമായ 59 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. Read on deshabhimani.com

Related News