ഒഡീഷയിൽ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു
ഭുവനേശ്വർ > ഒഡീഷയിൽ മാവോയിസ്‌റ്റും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ചത്തീസ്ഗഢ് –- ഒഡീഷ അതിർത്തിക്കടുത്തുള്ള മൽക്കൻഗിരി ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെയാണ് മാവോയിസ്‌റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഒരു ജവാന് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. പരിക്കേറ്റ ജവാനെ ചികിത്സയ്ക്കായി വിശാഖപട്ടണത്തേക്ക് എയർലിഫ്റ്റ് ചെയ്തതായി ഡിഐജി നിതി ശേഖർ പറഞ്ഞു. സാവേരി നദിക്കടുത്ത് ജിനെൽഗുഡയ്ക്ക് സമീപം 15 മാവോയിസ്റ്റുകളുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുണ്ടായ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഉദ്യോഗസ്ഥരെ കണ്ടപ്പോൾ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഒരു മണിക്കൂറോളം വെടിവെയ്‌പ്പ് തുടർന്നതായും മാവോയിസ്റ്റുകൾ രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് മാവോയിസ്റ്റുകളുടെ ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. രണ്ട് വർഷത്തിനിടെ മൽക്കൻഗിരിയിൽ നടക്കുന്ന ആദ്യ പൊലീസ്–--മാവോയിസ്റ്റ് ഏറ്റുമുട്ടലാണിത്. Read on deshabhimani.com