ലക്ഷ്യം മതേതര സമൂഹം ; ടിവികെയുടെ നയം പ്രഖ്യാപിച്ച് വിജയ്



ചെന്നൈ > സാമൂഹ്യനീതിയും മതേതരത്വവുമാണ് ടിവികെയുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് നടൻ വിജയ്. തമിഴക വെട്രികഴകം സമത്വത്തിലൂന്നിയാണ് പ്രവർത്തിക്കുകയെന്നും വിജയ് പറഞ്ഞു. ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനവേദിയിൽ സംസാരിക്കുകയായിരുന്നു വിജയ്. വില്ലുപുരത്തെ വിക്രപാണ്ടിയിലായിരുന്നു പാർടിയുടെ ആ​ദ്യ സമ്മേളനം. നിരവധി പേർ സമ്മേളനത്തിൽ പങ്കെടുത്തു. പാർടിയുടെ നയവും പ്രത്യയ ശാസ്ത്രവും സമ്മേളന വേദിയിൽ പ്രഖ്യാപിച്ചു. ഇവിടെ ഞാനും നീയും എന്നില്ല, നമ്മൾ മാത്രമാണുള്ളത്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ല. പറയുന്നതിലല്ല, പ്രവർത്തിയിലാണ് കാര്യം. നിങ്ങളിൽ ഒരാളായി നിന്നാണ് ഞാൻ പ്രവർത്തിക്കുക. പണത്തിന് വേണ്ടി രൂപ്പപെടുത്തിയ രാഷ്ട്രീയ പാർടി അല്ല ഇത്. നല്ല നാളേയ്ക്കായി കെട്ടിപ്പെടുത്ത രാഷ്ട്രീയ പാർട്ടിയാണിത്. അഴിമതിക്കാരെ ജനാധിപത്യ പ്രക്രിയയിലുടെ നമ്മൾ നേരിടും. രാഷ്ട്രീയത്തിൽ ഞാൻ ഒരു കുട്ടിയാണ്. പക്ഷേ ഒട്ടും പേടിക്കാതെയാണ് ഇവിടെ നിൽക്കുന്നത്. ആരുടെയും എ ടീമോ ബി ടീമോ അല്ല. ആരുടെയും വിശ്വാസത്തെയും എതിർക്കില്ല. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവക്കായി പാർടി പ്രവർത്തിക്കും.- വിജയ് പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കുമായി പ്രത്യേക നിയമം കൊണ്ടുവരുമെന്നും വിജയ് പറഞ്ഞു. കൂടുതൽ സ്ത്രീകൾ നേതൃനിരയിലേക്ക് വരും. സയൻസും ടെക്നോളജിയും പോലെ വികസിക്കേണ്ട മേഖലയാണ് രാഷ്ട്രീയവും. എംജിആറും എൻടിആറുമൊക്കെയാണ് തന്റെ മാതൃക. ജനങ്ങൾക്ക് വേണ്ടി ജീവിക്കാനായാണ് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കെത്തിയത്. ഇനി അതിൽ പിന്നോട്ടുപോക്ക് ഇല്ലെന്നും ഒരുമിച്ച് പ്രവർത്തിക്കാമെന്നും വിജയ് പറഞ്ഞു. 2026 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വിജയ് വ്യക്തമാക്കി. ബിജെപിയും 
ഡിഎംകെയും 
എതിരാളി സംസ്ഥാനത്ത്‌ അധികാരത്തിലുള്ള ഡിഎംകെ രാഷ്ട്രീയ എതിരാളിയാണെന്നും ബിജെപി ആശയപരമായ എതിരാളിയാണെന്നും നടൻ വിജയ്‌ പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരൂഹ ഇടപാടുകളിലൂടെ ഒരു കുടുംബം സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്നും ദ്രാവിഡ മാതൃകയുടെ മറവിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഡിഎംകെയെ ലക്ഷ്യമിട്ട്‌ വിജയ്‌ ആരോപിച്ചു. സെക്രട്ടറിയറ്റിന്റെ അനക്‌സ്‌ മധുരയിൽ ആരംഭിക്കുമെന്നും ജാതിസെൻസസ്‌ നടപ്പാക്കുമെന്നും വാഗ്‌ദാനം ചെയ്‌തു. സംസ്ഥാന സർക്കാരിന്റെ പരമാധികാരം സംരക്ഷിക്കാനും ഗവർണർ സ്ഥാനം ഒഴിവാക്കാനും സമ്മർദം ചെലുത്തുമെന്നും അറിയിച്ചു. Read on deshabhimani.com

Related News