അദാനി കോഴ ; ചർച്ച അനുവദിക്കാതെ കേന്ദ്രം , വീണ്ടും പാർലമെന്റ് സ്‌തംഭിച്ചു
ന്യൂഡൽഹി അദാനി കോഴയിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടും യുപിയിലെ സംഭലിൽ സംഘപരിവാർ ആസൂത്രണം ചെയ്‌ത വർഗീയകലാപത്തിൽ ചർച്ച ആവശ്യപ്പെട്ടുമുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും സ്‌തംഭിച്ചു. അദാനി കോഴയിടപാട്, സംഭൽ കലാപം എന്നീ വിഷയങ്ങളിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നൽകിയ നോട്ടീസ് ലോക്‌സഭാ സ്‌പീക്കറും രാജ്യസഭാധ്യക്ഷനും നിരാകരിച്ചതോടെയാണ് പ്രതിഷേധമുയർന്നത്. രാജ്യസഭയിൽ പ്രതിപക്ഷാംഗങ്ങൾ നൽകിയ 18 നോട്ടീസുകൾ പരിശോധന പോലും കൂടാതെ അധ്യക്ഷൻ ജഗ്‌ദീപ് ധൻഖർ തള്ളി. ലോക്‌സഭയിൽ സ്‌പീക്കർ ഓം ബിർളയും സമാന നിലപാടെടുത്തു. അടിയന്തര ചർച്ച ആവശ്യപ്പെട്ടുള്ള നോട്ടീസുകൾ തള്ളിയതോടെ ഇരുസഭകളിലും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിങ്ങി മുദ്രാവാക്യങ്ങൾ ഉയർത്തി. ഇതോടെ രാജ്യസഭ വ്യാഴാഴ്‌ച ചേരുന്നതിനായി പിരിഞ്ഞു. ലോക്‌സഭ ആദ്യം പകൽ 12 വരെ നിർത്തിവച്ചു. വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷ പ്രതിഷേധം തുടർന്നതിനാൽ സഭാ നടപടികൾ അവസാനിപ്പിച്ച് പിരിഞ്ഞു. ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്‌ചയും ഇരുസഭകളും നടപടികളിലേക്ക് കടക്കാനാവാതെ പിരിഞ്ഞിരുന്നു. സഭാധ്യക്ഷന്റെ റൂളിങ് വിനയത്തോടെ അംഗീകരിക്കുക എന്നതാണ് സഭയുടെ കീഴ്‌വഴക്കമെന്നും അല്ലാതെ വിയോജിപ്പുകൾ ഉയർത്തുകയല്ല വേണ്ടതെന്നും രാജ്യസഭാധ്യക്ഷൻ ജഗ്‌ദീപ് ധൻഖർ പറഞ്ഞു. അദാനി കോഴയിടപാട് വിഷയത്തിൽ എന്തുവന്നാലും ചർച്ച അനുവദിക്കില്ലെന്ന സർക്കാരിന്റെ പിടിവാശിയാണ് പാർലമെന്റ് തടസ്സപ്പെടാൻ കാരണമെന്ന് പ്രതിപക്ഷ പാർടികൾ കുറ്റപ്പെടുത്തി. അദാനി ഗ്രൂപ്പിനെതിരായി ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഈ വിഷയത്തിൽ ജെപിസി അന്വേഷണം അനിവാര്യമാണ്. അതിന് തയ്യാറാകാതെ പ്രധാനമന്ത്രിയുടെ സുഹൃത്തായ അദാനിയെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമം–- പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. Read on deshabhimani.com