എ എ റഹീമിനെയും സഹപ്രവർത്തകരെയും മർദ്ദിച്ച സംഭവം; രാജ്യസഭ ചെയർമാന് കത്തയച്ച് ഇടത് എംപിമാർ
ന്യൂഡൽഹി > സൈനികവൃത്തി കരാർവത്കരിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരേ ഡൽഹി ജൻപഥിൽ സമരം ചെയ്‌ത അഡ്വ. എ എ റഹിം എം പിയെയും സഹപ്രവർത്തകരെയും പ്രകോപനമില്ലാതെ മർദ്ദിക്കുകയും വലിച്ചിഴച്ച് പോലീസ് വാനിൽ കയറ്റുകയും ചെയ്‌ത നടപടിയിൽ ഇടത് എംപിമാർ പ്രതിഷേധിച്ചു. രാജ്യസഭാംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ റഹിമിനോട് ജനപ്രതിനിധിയോടു കാണിക്കേണ്ട സാമാന്യമര്യാദപോലും പുലർത്താതെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടി അത്യന്തം ഹീനമാണെന്നും എംപിമാരായ എളമരം കരിം, ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എം ആരിഫ് എന്നിവർ രാജ്യസഭാ ചെയർമാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും അയച്ച കത്തിൽ പറഞ്ഞു. റഹിമിനെയും സഹപ്രവർത്തകരെയും മർദ്ദിച്ച് അക്ഷരാർത്ഥത്തിൽ വലിച്ചിഴച്ചാണ് പൊലീസ് വാനിലേയ്‌ക്കു കയറ്റിയത്. പിന്നീട് മണിക്കൂറുകളോളം വാഹനത്തിൽക്കയറ്റി നഗരത്തിൽ കറങ്ങിനടന്നു. അതിനും ശേഷമാണ് ഹരിയാണ അതിർത്തിയിലെ ദ്വാരകാ സെക്‌ടർ 23 പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. മതിയായ കാരണങ്ങളില്ലെങ്കിൽപ്പോലും കടുത്ത വകുപ്പുകൾ ചുമത്തി റിമാൻഡ് കിട്ടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇന്നു രാവിലെ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതൃത്വത്തിൽ ജന്തർ മന്ദറിൽനിന്നു പാർലമെന്റിലേയ്‌ക്കു നടന്ന മാർച്ച് തീർത്തും സമാധാനപരമായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് സമരക്കാർക്കു നേരേ ഇരച്ചുകയറിയത്. എം.പിയാണെന്നു പറഞ്ഞിട്ടും റഹിമിനെ മർദിക്കുകയും വസ്‌ത്രങ്ങൾ ഉരിഞ്ഞ് വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയുമാണുണ്ടായത്. മാർച്ച് നയിച്ചവരിലൊരാളായ എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറി മയൂഖ് വിശ്വാസ് അടക്കമുള്ളവർക്കും ഇതേ അനുഭവമുണ്ടായി. സമരത്തിനു നേതൃത്വംകൊടുത്ത ഐഷെ ഘോഘ് അടക്കമുള്ള വനിതാ പ്രവർത്തകർക്കു നേരേയും ഇതേ സമീപനമാണ് കൈക്കൊണ്ടത്. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരേ പ്രതിഷേധിക്കുന്നവർക്കെതിരേ കിരാതമായ മർദ്ദനമുറകൾ അവലംബിക്കുന്ന നടപടിയുടെ ഭാഗമാണിത്. രാജ്യസഭാ ചെയർമാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും അടിയന്തരമായി ഇതിൽ ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്നും എംപിമാർ കത്തിൽ ആവശ്യപ്പെട്ടു. Read on deshabhimani.com