കൊപ്പാൽ ദളിത്‌വേട്ട : ശിക്ഷ ചരിത്രപരമെന്ന് കിസാൻ സഭ
ന്യൂഡൽഹി പത്തുവർഷം മുമ്പ് കർണാടകയിലെ കൊപ്പാൽ ജില്ലയിലെ മറുകുമ്പി ഗ്രാമത്തിൽ ദളിതരുടെ കുടിലുകൾക്ക് തീയിട്ട പ്രതികളെ ശിക്ഷിച്ച കോടതി ഉത്തരവ് സ്വാഗതം ചെയ്‌ത് അഖിലേന്ത്യ കിസാൻ സഭ. വാച്ചാത്തി വിധിക്ക് സമാനമായ ചരിത്ര വിധിയിലൂടെയാണ് 98 പേർക്ക് ജീവപര്യന്തം ലഭിച്ചത്. ഹീനമായ പീഡനങ്ങൾക്കിരയായ മനുഷ്യർക്കായി നിരന്തരം പോരാടിയ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. 2014 ആഗസ്‌ത് 28ന് ‘സവർണർ’ അഴിച്ചുവിട്ട ആക്രമണത്തിൽ സ്‌ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കുംവരെ മൃഗീയ മർദനമാണ് ഏറ്റത്. സംഭവത്തിന്റെ ദൃക്‌സാക്ഷിയും കിസാൻസഭ, സിപിഐ എം പ്രവർത്തകനുമായിരുന്ന വീരേഷ് മറുകുമ്പി 2015ൽ കൊല്ലപ്പെട്ടു. ആക്രമണത്തിന് ശേഷവും സാമൂഹ്യഅയിത്തം ദളിതർ നേരിട്ടു. സിപിഐ എം, ദളിത് ശോഷൻ മുക്തി മഞ്ച്, കിസാൻസഭ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകള്‍ ഇരകൾക്കായി നിരന്തരപോരാട്ടം നടത്തി. സാമൂഹ്യ അടിച്ചമർത്തലിനും ജാതി അധിക്ഷേപത്തിനുമെതിരായ മുന്നറിയിപ്പായി വിധി മാറുമെന്ന് പ്രസിഡന്റ് അശോക് ധാവ്‌ളെയും ജനറൽ സെക്രട്ടറി വിജൂകൃഷ്‌ണനും പ്രസ്‌താവനയിൽ പറഞ്ഞു. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയനും വിധിയെ സ്വാഗതം ചെയ്‌തു. വിധി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നു. ബിജെപി കേന്ദ്രാധികാരം നേടിയതിനുശേഷം കർണാടകത്തിലെ ഈ പ്രദേശങ്ങളിൽ വീണ്ടും വർഗീയ ധ്രൂവീകരണവും ജാതിവിവേചനവും ശക്തിപ്പെടുന്നുണ്ടെന്നും പ്രസിഡന്റ് എ വിജയരാഘവനും ജനറൽ സെക്രട്ടറി ബി വെങ്കട്ടും പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com