കേന്ദ്രത്തിന്റെ കാർഷിക വിപണന നയം
കോർപറേറ്റ്‌ കൊള്ളയ്‌ക്ക്‌: കിസാൻസഭ



ന്യൂഡൽഹി കർഷകരുടെ ചെലവിൽ കോർപറേറ്റുകൾക്ക്‌ കൊള്ളലാഭം ഉറപ്പാക്കാൻ മോദിസർക്കാർ കൊണ്ടുവന്ന ‘കാർഷികവിപണന ദേശീയ നയ ചട്ടക്കൂട്‌’ രേഖ 23ന്‌ രാജ്യമെമ്പാടും കത്തിക്കാൻ അഖിലേന്ത്യ കിസാൻസഭ ആഹ്വാനം ചെയ്‌തു. കർഷകപ്രക്ഷോഭത്തെ തുടർന്ന്‌ കേന്ദ്രസർക്കാരിന്‌ റദ്ദാക്കേണ്ടിവന്ന മൂന്ന്‌ കാർഷികനിയമം പിൻവാതിൽ വഴി നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌ ഈ നയം. സ്വകാര്യ മൊത്തവ്യാപാര ചന്തകൾ, കോർപറേറ്റ്‌ ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങൾക്കും കയറ്റുമതിക്കാർക്കും കാർഷികവിളകൾ നേരിട്ട്‌ വാങ്ങാനുള്ള സംവിധാനം, പരമ്പരാഗത വിപണികൾക്ക്‌ പകരം കോർപറേറ്റ്‌ നിയന്ത്രിത സംഭരണശാലകൾ, സംസ്ഥാന വ്യാപക വിപണികൾ എന്നിങ്ങനെ വൻകിടക്കാരുടെ മാത്രം താൽപര്യം സംരക്ഷിക്കുന്ന നിർദേശങ്ങളാണ്‌ കരട്‌ നയത്തിൽ. കാർഷിക വിപണനം സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്നതാണെന്നിരിക്കെ ഇത്‌ കവർന്നെടുക്കാനാണ്‌ കരട്‌ നയത്തിൽ വിഭാവന ചെയ്യുന്നത്‌. ജിഎസ്‌ടി ഉന്നതാധികാര സമിതി മാതൃകയിൽ കാർഷികവിപണന മേഖലയിൽ സംസ്ഥാന കൃഷിമന്ത്രിമാരുടെ ഉന്നതാധികാര സമിതി രൂപീകരിക്കാൻ കേന്ദ്രനയം നിർദേശിക്കുന്നു. കേന്ദ്രത്തിന്റെ താൽപര്യങ്ങളും തീരുമാനങ്ങളും അടിച്ചേൽപിക്കാനാണിത്‌. എഫ്‌പിഒ പദ്ധതി എന്ന പേരിൽ  കർഷകരുമായി കരാറിൽ ഏർപ്പെടാൻ കോർപറേറ്റുകൾക്ക്‌ അനുമതി നൽകുന്ന വ്യവസ്ഥയും നയത്തിലുണ്ട്‌. ഈ നയത്തിനെതിരെ സംയുക്ത കിസാൻ മോർച്ചയുമായി ചേർന്ന്‌ എല്ലാ ജില്ലകളിലും പ്രക്ഷാേഭം സംഘടിപ്പിക്കാൻ കിസാൻസഭ അഖിലേന്ത്യ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണനും ആഹ്വാനം ചെയ്‌തു. Read on deshabhimani.com

Related News