മസ്ജിദുകൾ ലക്ഷ്യമിട്ട് സംഘപരിവാർ ; അജ്‌മീർ ദർഗയിലും അവകാശവാദം



ന്യൂഡൽഹി ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി ജുമാ മസ്‌ജിദിലെ സർവേയ്ക്കിടെ വെടിവയ്‌പ്പിൽ അഞ്ച്‌ പേർ കൊല്ലപ്പെട്ടതിന്‌ പിന്നാലെ രാജസ്ഥാനിലെ പ്രശസ്തമായ അജ്മീര്‍ ദര്‍ഗയിലും സര്‍വേ ആവശ്യവുമായി സംഘപരിവാർ സംഘടന. ദർഗ സ്ഥിതിചെയ്യുന്നത് ഹിന്ദുക്ഷേത്രത്തിന്റെ സ്ഥലത്താണെന്ന്‌ അവകാശപ്പെട്ട്‌  സംഘപരിവാർ സംഘടനയായ ഹിന്ദുസേന നൽകിയ ഹർജിയിൽ ന്യൂനപക്ഷ മന്ത്രാലയത്തിനും  ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യക്കും  ദർഗ കമ്മിറ്റിക്കും സിവിൽ കോടതി നോട്ടീസ്‌ അയച്ചു. സൂഫി പണ്ഡിതൻ ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്‌തി അന്ത്യവിശ്രമം കൊള്ളുന്ന ദർഗ രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന തീർഥാടന കേന്ദ്രമാണ്‌. ദർഗയ്‌ക്ക്‌  താഴെ ശിവക്ഷേത്രം ആയിരുന്നുവെന്നാണ്‌ ഹർജിക്കാരനായ ഹിന്ദുസേന നേതാവ്‌ വിഷ്‌ണു ഗുപ്‌തയുടെ വാദം. ദർഗയിൽ 813–-ാമത്‌ ഉറൂസ്‌ വരുന്ന ജനുവരിയിൽ നടക്കാനിരിക്കെയാണ്‌ സംഘപരിവാറിന്റെ വര്‍​ഗീയ നീക്കം.  ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഉദ്യോഗസ്ഥനായിരുന്ന ഹർ ബിലാസ്‌ സർദ എന്നയാൾ 1910ൽ എഴുതിയ പുസ്‌തകത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ്‌ വിഷ്‌ണു ഗുപ്‌ത കോടതിയെ സമീപിച്ചത്‌. ദർഗയുടെ ഭൂഗർഭ അറയിൽ ശിവക്ഷേത്രത്തിന്റെ പ്രതിബിംബം കാണാൻ കഴിയുമെന്ന്‌ സർദയുടെ പുസ്‌തകത്തിലുണ്ടെന്ന്‌ ഗുപ്‌ത അവകാശപ്പെടുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സർവേ വേണമെന്ന ഹർജിയിൽ സിവിൽ കോടതി ജഡ്‌ജി മൻമോഹൻ ചന്ദേലാണ്‌ നോട്ടീസ്‌ അയച്ചത്‌. കേസ്‌ ഡിസംബർ 20ന്‌ വീണ്ടും പരിഗണിക്കും. ഹർജിയിൽ ഇടപെട്ട സിവിൽ കോടതിയുടെ നടപടി  1947 ആഗസ്‌ത്‌ 15ന്‌ മുമ്പ്‌ സ്ഥാപിച്ച ആരാധനാലയങ്ങളുടെ തൽസ്ഥിതിയിൽ നിയമതർക്കം പാടില്ലെന്ന 1991ലെ നിയമത്തിന്‌ വിരുദ്ധമാണ്‌. കോടതി നിർദേശത്തെ തുടർന്ന്‌യുപിയിലെ സംഭലിൽ ഷാഹി ജുമാ മസ്‌ജിദിൽ സർവേ നടത്തിയത്‌ മേഖലയില്‍ വന്‍സംഘര്‍ഷത്തിനാണ് ഇടയാക്കിയത്. ആവർത്തിക്കില്ലെന്ന്‌ കരുതി: 
ദർഗ കമ്മിറ്റി പ്രസിഡന്റ്‌ ബാബറി മസ്‌ജിദ്‌ കേസിൽ വേദനാജനകമായ പരിഹാരം രാജ്യതാൽപ്പര്യം മുൻനിർത്തി അംഗീകരിച്ചെങ്കിലും അതുപോലുള്ളത്‌ ആവർത്തിക്കില്ലെന്നാണ്‌ കരുതിയതെന്ന്‌ ദർഗ കമ്മിറ്റി പ്രസിഡന്റ്‌ സയീദ്‌ സർവർ ചിഷ്‌തി പ്രതികരിച്ചു. എന്നാൽ കാശി, മഥുര, സംഭൽ എന്നിങ്ങനെ പ്രത്യേക ലക്ഷ്യങ്ങളോടെയുള്ള നീക്കങ്ങൾ തുടരുകയാണ്‌. ജ്ഞാൻവാപി പള്ളിയിൽ സർവേ നടത്താൻ സുപ്രീംകോടതി ഇറക്കിയ ഉത്തരവാണ്‌ ഇതിനെല്ലാം കാരണം. മതസൗഹാർദത്തിന്റെയും ബഹുസ്വരതയുടെയും പ്രതീകമാണ്‌ അജ്‌മീർ ദർഗയെന്നും അദ്ദേഹം പറഞ്ഞു.  Read on deshabhimani.com

Related News