‘ഇന്ത്യ’ക്ക്‌ പകരം ‘പിഡിഎ’ ; കോൺഗ്രസിന്‌ മറുപടിയുമായി അഖിലേഷ്‌

image credit Akhilesh Yadav facebook


ന്യൂഡൽഹി മധ്യപ്രദേശിൽ തങ്ങളുടെ സിറ്റിങ്‌ സീറ്റിലടക്കം സ്ഥാനാർഥിയെ പ്രഖ്യാപിച്ച കോൺഗ്രസ്‌ നീക്കത്തിനു പിന്നാലെ യുപിയിൽ  വിട്ടുവീഴ്‌ചയില്ലെന്ന മുന്നറിയിപ്പുനൽകി സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌. 2024ൽ പിഡിഎയുടെ വിപ്ലവമായിരിക്കുമെന്ന്‌ അദ്ദേഹം ചിത്രത്തിന്‌ അടിക്കുറിപ്പായി എക്‌സിൽ പോസ്റ്റ്‌ ചെയ്‌തു. പിച്ചഡെ (പിന്നാക്കക്കാർ), ദളിതുകൾ, അൽപസംഖ്യാസ്‌ (ന്യൂനപക്ഷം) എന്നതിന്റെ ചുരുക്കെഴുത്താണ്‌ പിഡിഎ. പാർടി പതാകയുടെ പശ്ചാത്തലത്തിൽ ശരീരത്തിൽ എഴുത്തുമായി നിൽക്കുന്ന പ്രവർത്തകന്റെ ചിത്രം പോസ്റ്റ്‌ ചെയ്‌താണ്‌ പ്രതികരണം. ‘മിഷൻ 2024, നേതാജി (മുലായം സിങ്‌ യാദവ്) മരിക്കുന്നില്ല. ഇത്തവണത്തെ അഖിലേഷ് യാദവിന്റെ വിജയം ‘പിഡിഎ' ഉറപ്പാക്കും. ദരിദ്രർക്ക് നീതി ലഭിക്കുമെന്ന് അഖിലേഷ് ഉറപ്പാക്കും’–- എന്നാണ്‌ പ്രവർത്തകന്റെ ശരീരത്തിലെ എഴുത്ത്‌. ഇന്ത്യ കൂട്ടായ്‌മയുടെ ഭാഗമായിരിക്കെ മധ്യപ്രദേശിൽ എസ്‌പിയുടെ സിറ്റിങ്‌ സീറ്റിലും കോൺഗ്രസ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്‌ അഖിലേഷിനെ ചൊടിപ്പിച്ചിരുന്നു. ബിജെപിയെ തൂത്തെറിയാൻ പിഡിഎ ആണ്‌ സമാജ്‌വാദി പാർടിയുടെ മാർഗമെന്നും പിഡിഎക്കുശേഷം മാത്രമാണ്‌ ഇന്ത്യ കൂട്ടായ്‌മ വന്നതെന്നും ഷാജഹാൻപുരിലെ പരിപാടിയിൽ അഖിലേഷ്‌ പറഞ്ഞു. Read on deshabhimani.com

Related News