ജീവൻ നഷ്‌ടമായ യുവതിയുടെ കുടുംബത്തിന് അല്ലു അർജുൻ 20 കോടി നൽകണം: തെലങ്കാന മന്ത്രി
ഹൈദരാബാദ് > ‘പുഷ്‌പ ടു; ദ റൂൾ’ സിനിമയുടെ റിലീസിന്റെ ഭാഗമായുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞ യുവതിയുടെ കുടുംബത്തിന് അല്ലു അർജുൻ 20 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് തെലങ്കാന മന്ത്രി കോമതി റെഡ്ഡി വെങ്കട്ട് റെഡ്ഡി. ഞായറാഴ്‌ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് ചലച്ചിത്ര വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി നടനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. പൊലീസിന്റെ മുന്നറിയിപ്പ് കൂട്ടാക്കാതെ തീയറ്ററിൽ എത്തി അല്ലു അർജുൻ ആരാധകരെ അഭിസംബോധന ചെയ്തതോടെയാണ് അപകടമുണ്ടായതെന്ന് പറഞ്ഞ മന്ത്രി, നടന്റെ പ്രവർത്തികളെ നിശിതമായി വിമർശിക്കുകയും ചെയ്തു. ‘പുഷ്‌പ ടുവിന് ബോക്‌സ് ഓഫീസിൽ വൻ വിജയമാണുണ്ടായിരിക്കുന്നത്. ഇങ്ങനെ ലഭിച്ച പണത്തിൽ നിന്ന് 20 കോടിയെങ്കിലും മരിച്ച യുവതിയുടെ കുടുംബത്തിന് നൽകണം.’- മന്ത്രി പറഞ്ഞു. പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് തീയറ്ററിൽ തുടർന്ന നടന്റെ പ്രവർത്തിയെ ‘അറിവില്ലായ്മയും അശ്രദ്ധയും’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു അദ്ദേഹം. തെലങ്കാന നിയമസഭയിലും അല്ലു അർജുനെതിരെ മന്ത്രി വിമർശനമുന്നയിച്ചു. സംസ്ഥാന സർക്കാരിനോട് നടന് ബഹുമാനം ഉണ്ടാവേണ്ടതായിരുന്നുവെന്നും അല്ലു അർജുൻ ഗവൺമെന്റിനോടും മുഖ്യമന്ത്രിയോടും മാപ്പ് പറയണമെന്നും കോമതി റെഡ്ഡി പറഞ്ഞു. ഡിസംബർ നാലിന് സിനിമയുടെ ആദ്യാവതരണത്തിന് മുന്നോടിയായി ഹൈദരാബാദെ സന്ധ്യ തീയറ്ററിൽ അല്ലു അർജുൻ എത്തിയപ്പോഴുണ്ടായ തിരക്കിൽപ്പെട്ടായിരുന്നു രേവതി എന്ന യുവതിക്ക് ജീവൻ നഷ്‌ടമായത്. തിരക്കിൽ പരിക്ക് പറ്റിയ രേവതിയുടെ മകൻ ശ്രീതേജ് നിലവുൽ ചികിത്സയിലാണ്. Read on deshabhimani.com