അംബേദ്‌കറെ അവഹേളിച്ച് അമിത് ഷാ ; ന്യായീകരിക്കാൻ മോദി , പ്രതിരോധത്തിലായി ബിജെപി
ന്യൂഡൽഹി ഭരണഘടനാശിൽപി ഡോ. ബി ആർ അംബേദ്‌കറെ അവഹേളിച്ച ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ബുധനാഴ്‌ച സ്‌തംഭിച്ചു. ‘അംബേദ്‌കർ... അംബേദ്‌കർ.. അംബേദ്‌കർ.. എന്ന് പറയുന്നത് ഇപ്പോൾ ചിലർക്കൊരു ഫാഷനായിട്ടുണ്ട്. അത്രയും വട്ടം ദൈവനാമം ഉച്ചരിച്ചിരുന്നെങ്കിൽ നേരിട്ട് സ്വർഗപ്രവേശം ലഭിക്കുമായിരുന്നു’ എന്നായിരുന്ന-ു രാജ്യസഭയിൽ ചൊവ്വാഴ്‌ച ഭരണഘടനയെക്കുറിച്ചുള്ള പ്രത്യേക ചർച്ചയുടെ മറുപടിയിൽ അമിത് ഷാ അധിക്ഷേപിച്ചത്. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പ്രതിഷേധം രൂക്ഷമാവുകയും ചെയ്‌തതതോടെ ബിജെപി പ്രതിരോധത്തിലായി. ഷായെ ന്യായീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അംബേദ്‌കറെ അവഹേളിച്ച കോൺഗ്രസിന്റെ മോശംചരിത്രം വെളിവാക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇപ്പോഴത്തെ നാടകമെന്ന് മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രതിപക്ഷ എംപിമാർ അംബേദ്‌കറുടെ ചിത്രങ്ങളുമായി പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. ലോക്‌സഭയിൽ പ്രതിപക്ഷാംഗങ്ങൾ ഷായുടെ രാജി ആവശ്യപ്പെട്ടു. മോദിയുടെ വാദങ്ങൾ നിയമമന്ത്രി അർജുൻറാം മെഘ്‌വാൾ സഭയിൽ ആവർത്തിച്ചു. പ്രതിഷേധം തുടർന്നതോടെ ആദ്യം രണ്ടുമണി വരെയും തുടർന്ന് വ്യാഴാഴ്‌ചത്തേക്കും സഭ പിരിഞ്ഞു. രാജ്യസഭയിൽ സഭാനേതാവായ മന്ത്രി ജെ പി നദ്ദ, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവർ ഷായെ സംരക്ഷിക്കാൻ പാഴ്‌ശ്രമം നടത്തി. ഷാ മാപ്പുപറയണമെന്നും അംബേദ്‌കറെ അപമാനിച്ചയാളെ പ്രധാനമന്ത്രി പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയും പിരിഞ്ഞു. അംബേദ്‌കറെ അവഹേളിച്ചതിലൂടെ സംഘപരിവാറിന്റെ മനുവാദചിന്തയാണ് ആവർത്തിച്ച് വെളിപ്പെടുന്നതെന്ന് സിപിഐ എം പ്രതികരിച്ചു. എഎപി അടക്കമുള്ള പാർടികൾ ഷായുടെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം നടത്തി. വാർത്താസമ്മേളനം വിളിച്ച് അമിത് ഷാ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു. Read on deshabhimani.com