അംബേദ്‌കർ അധിക്ഷേപം കത്തുന്നു ; നിലതെറ്റി ബിജെപി , സംഘർഷം സൃഷ്‌ടിച്ച്‌ ശ്രദ്ധതിരിക്കാൻ നീക്കം

പാർലമെന്റിനുമുന്നിൽ പ്രതിഷേധിക്കുന്ന ഇടതുപക്ഷ 
എംപിമാരായ കെ രാധാകൃഷ്‌ണൻ, ജോസ്‌ കെ മാണി, എ എ റഹിം, വി ശിവദാസൻ


ന്യൂഡൽഹി ഭരണഘടന ശിൽപ്പി ബി ആർ അംബേദ്‌കറെ അധിക്ഷേപിച്ച അമിത്‌ ഷായ്‌ക്കെതിരെ രാജ്യമെമ്പാടും രോഷം ആളിക്കത്തിയതോടെ നിലതെറ്റിയ ബിജെപി പാർലമെന്റിൽ സംഘർഷം സൃഷ്‌ടിച്ച്‌ അഴിഞ്ഞാടി. പ്രതിപക്ഷ എംപിമാരെ ബിജെപി അംഗങ്ങൾ കായികമായി നേരിട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനുശേഷം പാർലമെന്റിലേക്ക്‌ കടക്കാൻ ശ്രമിച്ച പ്രതിപക്ഷ എംപിമാരെ പ്രധാന പ്രവേശനകവാടമായ മകർദ്വാറിന്‌ മുന്നിൽ ബിജെപി എംപിമാർ തടഞ്ഞു. തടസ്സം മറികടന്ന്‌ മുന്നോട്ടുനീങ്ങാൻ ശ്രമിച്ച പ്രതിപക്ഷ എംപിമാരെ ബിജെപിക്കാർ കായികമായി നേരിട്ടു. തുടർന്നുള്ള കൈയ്യാങ്കളിയിൽ പല പ്രതിപക്ഷ എംപിമാരും നിലതെറ്റി വീണു. രണ്ട്‌ ബിജെപി എംപിമാർക്കും പരിക്കേറ്റു. ഇരുസഭകളും വ്യാഴാഴ്‌ച പൂർണമായി സ്‌തംഭിച്ചു.  രാജ്യവ്യാപകമായി പ്രതിപക്ഷ പാർടികൾ പ്രതിഷേധം സംഘടിപ്പിച്ചു. നാടകീയ സംഭവവികാസങ്ങളാണ്‌ പാർലമെന്റിലുണ്ടായത്‌. അമിത്‌ ഷായുടെ അധിക്ഷേപ പരാമർശം വ്യാപക വിമർശവും പ്രതിഷേധവും ഉയർത്തിയതോടെ ബിജെപിയുടെ നിലതെറ്റി. വിഷയത്തിൽനിന്ന്‌ ശ്രദ്ധ തിരിച്ചുവിടാൻ എന്തുമാകാമെന്ന നിർദേശം ബിജെപി നേതൃത്വം എംപിമാർക്ക്‌ നൽകി. പാർലമെന്റ്‌ വളപ്പിലെ അംബേദ്‌കർ പ്രതിമയ്‌ക്ക്‌ മുന്നിൽ ഇന്ത്യ കൂട്ടായ്‌മ അമിത്‌ ഷായുടെ രാജി ആവശ്യപ്പെട്ട്‌ പ്രതിഷേധിച്ചു. അംബേദ്‌കറുടെ ചിത്രമുയർത്തിയായിരുന്നു പ്രതിഷേധം. ഇതേസമയം മകർദ്വാറിന്‌ മുന്നിൽ ഒത്തുചേർന്ന ബിജെപി എംപിമാർ അംബേദ്‌കറെ അവഹേളിച്ച ചരിത്രം കോൺഗ്രസിനാണെന്ന്‌ ആരോപിച്ച്‌ മുദ്രാവാക്യങ്ങൾ വിളിച്ചു. പ്രതിഷേധത്തിനുശേഷം പ്രതിപക്ഷ എംപിമാർ പ്രകടനമായി പാർലമെന്റിന്‌ മുന്നിലെത്തിയപ്പോഴാണ്‌ കൈയ്യാങ്കളിയിലേക്ക്‌  നീങ്ങിയത്‌. സംഘർഷത്തിൽ തലയ്‌ക്ക്‌ പരിക്കേറ്റ ബിജെപി എംപി പ്രതാപ്‌ സാരംഗിയെയും മറ്റൊരു ബിജെപി അംഗം മുകേഷ്‌ രാജ്‌പുത്തിനെയും ആർഎംഎൽ ആശുപത്രിയിലേക്ക്‌ മാറ്റി. പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയാണ്‌ ഇരുവരെയും തള്ളിവീഴ്‌ത്തിയതെന്ന്‌ ബിജെപി ആരോപിച്ചു.  രാഹുൽ എംപിമാരെ ആക്രമിച്ചുവെന്ന്‌ ആരോപിച്ച്‌ പാർലമെന്റ്‌ സ്‌ട്രീറ്റ്‌ പൊലീസ്‌ സ്റ്റേഷനിൽ ബിജെപി പരാതി നൽകി. പാർലമെന്റിന്‌ മുന്നിലുണ്ടായ സംഭവങ്ങളെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ മല്ലികാർജുൻ ഖാർഗെ സ്‌പീക്കർ ഓം ബിർളയ്‌ക്ക്‌ കത്തയച്ചു. തന്നെ ബിജെപി എംപിമാർ തള്ളിവീഴ്‌ത്തിയെന്നും കാൽമുട്ടിന്‌ പരിക്കേറ്റെന്നും ഖാർഗെ കത്തിൽ പറഞ്ഞു. ഖാർഗെയെ വീഴ്‌ത്തിയെന്ന്‌ ചൂണ്ടിക്കാട്ടി കോൺഗ്രസും പൊലീസിൽ പരാതിപ്പെട്ടു. Read on deshabhimani.com

Related News