രോഷാഗ്നി ; അമിത് ഷായുടെ അംബേദ്‌കർ അവഹേളനം , ഇരുസഭയും വ്യാഴാഴ്‌ച പൂർണമായും സ്‌തംഭിച്ചു
ന്യൂഡൽഹി അംബേദ്‌കറെ അധിക്ഷേപിച്ച അമിത് ഷായ്‌ക്ക് എതിരായ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിനു പിന്നാലെ പാർലമെന്റിന്റെ ഇരുസഭകളും വ്യാഴാഴ്‌ച പൂർണമായും സ്‌തംഭിച്ചു. ലോക്‌സഭ രാവിലെ ചേർന്നപ്പോൾ തന്നെ അംബേദ്‌കറെ അവഹേളിച്ചതിനെതിരായി പ്രതിപക്ഷം പ്രതിഷേധമുയർത്തി. രാഹുൽ ഗാന്ധി മർദ്ദിച്ചെന്ന് ആരോപിച്ച് ബിജെപി എംപിമാരും ബഹളമാരംഭിച്ചു. ഇതോടെ രണ്ടുമണി വരെ സഭ നിർത്തി. വീണ്ടും ചേർന്നപ്പോഴും നടപടികളിലേക്ക് കടക്കാനായില്ല. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ലുകൾ സംയുക്ത പാർലമെന്ററിസമിതിക്ക് വിട്ടുകൊണ്ടുള്ള പ്രമേയം സഭാ നടപടികളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരിഗണിക്കാനായില്ല. രാജ്യസഭയിലും സ്ഥിതി സമാനമായിരുന്നു. ആദ്യം രണ്ടുമണി വരെ സഭ പിരിഞ്ഞു. വീണ്ടും ചേർന്നപ്പോൾ രാഹുൽ ഗാന്ധിയിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് ബിജെപിയുടെ ഫാങ്‌നോൺ കോന്യാക്ക് ആരോപിച്ചു. സഭാധ്യക്ഷന് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയ കാര്യവും കോന്യാക്ക് സഭയെ അറിയിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന ആവശ്യവുമായി സഭാ നേതാവ് ജെ പി നദ്ദയും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും രംഗത്തുവന്നു. രാഹുലിന്റെ നടപടിയെ സഭ അപലപിക്കണമെന്ന ആവശ്യവും നദ്ദ ഉയർത്തി. കോന്യാക്കിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും അത് പരിശോധിച്ച് വരികയാണെന്നും സഭാധ്യക്ഷൻ ജഗ്‌ദീപ് ധൻഖർ അറിയിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും വാക്കേറ്റം തുടരുന്നതിനിടെ വെള്ളിയാഴ്‌ച ചേരാനായി സഭ പിരിഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് അയച്ച് സാമൂഹ്യമാധ്യമം എക്‌സ് പാർലമെന്റിൽ അമിത്‌ഷാ ബി ആർ അംബേദ്‌കറെ അപമാനിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചതിന് കോൺഗ്രസിനും ചില നേതാക്കൾക്കും സാമൂഹ്യമാധ്യമമായ എക്‌സിന്റെ നോട്ടീസ്. ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാർശയെ തുടർന്ന് സൈബർ ക്രൈം കോർഡിനേഷൻ സെന്ററിൽ നിന്നുള്ള അറിയിപ്പിനെ തുടർന്നാണ് നോട്ടീസെന്ന് ‘എക്‌സ് ’വിശദീകരിച്ചു. കോൺഗ്രസ് എഡിറ്റുചെയ്‌ത വീഡിയോ പ്രചരിപ്പിക്കുകയാണെന്ന ബിജെപി ആരോപണത്തിന് പിന്നാലെയാണ് നോട്ടീസ്. അമിത്‌ഷാ മാപ്പ് പറഞ്ഞ് രാജിവയ്‌ക്കണം: സിപിഐ ബി ആർ അംബേദ്‌കറെ ആക്ഷേപിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പ് പറഞ്ഞ് സ്ഥാനം രാജിവയ്‌ക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആർഎസ്‌എസ് ഒരിക്കലും അബേദ്‌കറെ അംഗീകരിച്ചിട്ടില്ലെന്നും സിപിഐ ചൂണ്ടിക്കാട്ടി. അമിത് ഷാ രാജിവയ്‌ക്കണം: ദളിത് സംഘടനകള്‍ അംബേദ്‌കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്‌ക്കണമെന്ന് ദളിത് സംഘടനകളുടെ പൊതുവേദിയായ ദളിത് അവകാശങ്ങൾക്കും സാമൂഹ്യനീതിക്കുമുള്ള കോർഡിനേഷൻ കമ്മിറ്റി. അംബേദ്‌കർ മുന്നോട്ടുവച്ച സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ മുറുകെപ്പിടിക്കുന്ന കോടിക്കണക്കിന് മനുഷ്യരെയും ഷാ അപമാനിച്ചു. അംബേക്‌റിനോടും അദ്ദേഹത്തിന്റെ മൂല്യങ്ങളോടുമുള്ള ബിജെപിയുടെയും ആർഎസ്‌എസിന്റെയും വെറുപ്പാണ് ഷായുടെ വാക്കുകളിൽ പ്രതിഫലിക്കുന്നതെന്നും പ്രസ്‌താവനയിൽ പറഞ്ഞു. നേതാക്കളായ മല്ലേപ്പള്ളി ലക്ഷ്മയ്യ, ബി വെങ്കട്ട്, രാമചന്ദ്ര ഡോം, വി എസ് നിർമൽ, ഗുൽസാർ സിങ്, ഗോറിയ, ധീരേന്ദ്ര ഝാ, കർണൽ സിങ്, ബീന പള്ളിക്കൽ, എൻ സായ്ബാലാജി, വിക്രം സിങ് എന്നിവരാണ് പ്രസ്‌താവന പുറപ്പെടുവിച്ചത്. ആരെയും തള്ളിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി ബിജെപി എംപിമാരെ തള്ളിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്നെയാണ് തള്ളിയത്. അദാനി സംഭവത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമം. മോദിയുടെ സുഹൃത്തായ അദാനി അമേരിക്കയിൽ കേസിൽപ്പെട്ടിരിക്കയാണ്. മോദി ഇന്ത്യയെ അദാനിക്ക് വിൽക്കുകയാണ്. ഇതാണ് പ്രധാനവിഷയം. ബിജെപി എംപിമാർ പാർലമെന്റ് കവാടത്തിൽ നിരന്നുനിന്ന് തങ്ങളെ തടയുകയായിരുന്നു–- രാഹുൽ പറഞ്ഞു. പാർലമെന്റിനെ ബിജെപി സംഘർഷഭൂമിയാക്കി പ്രകോപനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി എംപിമാർ വ്യാഴാഴ്‌ച പാർലമെന്റിൽ എത്തിയത്. പാർലമെന്റിന് മുന്നിൽ സാധാരണ ഭരണകക്ഷി എംപിമാരുടെ പ്രതിഷേധമുണ്ടാകാറില്ല. എന്നാൽ, പത്തുമണിയോടെ ബിജെപി എംപിമാർ മകർദ്വാറിന് മുന്നിൽ സംഘടിച്ചു. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി. അംബേദ്‌കർ പ്രതിമയ്‌ക്ക് മുന്നിലെ പ്രതിഷേധത്തിനുശേഷം സമാധാനപരമായാണ് പ്രതിപക്ഷാംഗങ്ങൾ പാർലമെന്റിന് മുന്നിലേക്ക് എത്തിയത്. എന്നാൽ, ബിജെപി എംപിമാർ വഴിമാറിയില്ല. പ്രകോപനപരമായ മുദ്രാവാക്യങ്ങളോടെ പ്രതിപക്ഷ എംപിമാരെ തടയുകയുംചെയ്‌തു. ഇതോടെയാണ് ഉന്തിലുംതള്ളിലും കാര്യങ്ങൾ എത്തിയത്. സംഘപരിവാറിന്റെ മനുവാദി നിലപാടും ദളിത് വിരുദ്ധതയുമാണ് ഷായുടെ പരാമർശങ്ങളിലൂടെ പുറത്തുവന്നതെന്ന വാദത്തെ ഖണ്ഡിക്കാനാകാതെ കുഴയുകയാണ് ബിജെപി നേതൃത്വം. വ്യാഴാഴ്‌ച ഷായുടെ പരാമർശങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നതും ബിജെപിയെയും സംഘപരിവാറിനെയും ഉലച്ചു. ഇതോടെയാണ് ഷായുടെ പരാമർശങ്ങൾ ചർച്ചയാകുന്നതിൽനിന്ന് ഏതുവിധേനയും ശ്രദ്ധ തിരിച്ചുവിടുകയെന്ന നിലപാടിലേക്ക് ബിജെപി എത്തിയത്. പാർലമെന്റിൽ അസാധാരണ സാഹചര്യമൊരുക്കി സംഘർഷം സൃഷ്ടിക്കുക മാത്രമാണ് അവർ മുന്നിൽ കണ്ട പോംവഴി. ബിജെപി എംപി പ്രതാപ് സാരംഗിയുടെ പുരികത്തോട് ചേർന്ന് നേരിയ മുറിവുണ്ടായത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തമല്ല. ആശുപത്രിയിലുള്ള മറ്റൊരു ബിജെപി അംഗം മുകേഷ് രാജ്‌പുത്തിന് പ്രത്യക്ഷത്തിൽ പരിക്കൊന്നുമില്ല. മിസോറമിൽ നിന്നുള്ള വനിതാ രാജ്യസഭാംഗത്തെകൂടി ബിജെപി അൽപംവൈകി രംഗത്തിറക്കിയത്. രാഹുൽ ഗാന്ധി പേടിപ്പിക്കുംവിധം അടുത്തുവയ്‌ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തുവെന്നാണ് മിസോറം എംപിയുടെ ആക്ഷേപം. Read on deshabhimani.com