യുപിയില്‍ ആർഎസ്‌എസ് ബിജെപി യോഗം ഇന്ന് ; ആദിത്യനാഥിനെ ഉന്നമിട്ട് അമിത് ഷാ
ന്യൂഡൽഹി ഉത്തർപ്രദേശ് ബിജെപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരായ പടയൊരുക്കത്തിനു പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന വികാരം ബിജെപിയില്‍ ശക്തം. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിക്കുശേഷം ആരെന്ന ചോദ്യത്തിന് തന്റെ പേര് മാത്രം ഉത്തരമായി കേൾക്കാൻ ആഗ്രഹിക്കുന്ന നേതാവാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് പിന്നിലെന്ന് ആദിത്യനാഥിന്റെ അനുയായികളില്‍ മുറുമുറുപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ കനത്തതിരിച്ചടിക്ക് കാരണം ആദിത്യനാഥിന്റെ മോശം ശൈലിയാണെന്ന് തുറന്നടിച്ച് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പടയൊരുക്കത്തിലാണ്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്‌ക്കാൻ തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഭുപേന്ദ്ര ചൗധരി ദേശീയനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ശനിയാഴ്‌ച്ച ലഖ്‌നൗവിൽ ബിജെപി–-ആർഎസ്‌എസ് സംയുക്ത യോഗം ചേരുന്നത്. രണ്ടുദിവസത്തെ യോഗത്തിൽ ആദിത്യനാഥും മൗര്യയും പങ്കെടുക്കും. പ്രശ്‌നപരിഹാരത്തിന് ആർഎസ്‌എസ് ഇടപെട്ടേക്കുമെന്നാണ് സൂചന. എന്തായാലും, പത്ത് നിയമസഭാസീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ആദിത്യനാഥിന് നിർണായകമാണ്. ആദിത്യനാഥിന്റെ ഇടപെടലുകള്‍ക്കെതിരെ ചോദ്യമുയരുന്നതിനിടെ, കൻവർ യാത്രയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ദേശീയതലത്തില്‍ വിവാദമായി. കാവടി ഘോഷയാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്നാണ് യുപി സർക്കാരിന്റെ നിർദേശം. ഈ വഴിയിൽ ഹലാൽ മുദ്രയുള്ള ഭക്ഷ്യോൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. വിമർശം ശക്തമായതോടെ, ഏകപക്ഷീയമായ നിയന്ത്രണം അംഗീകരിക്കാനാവില്ലെന്ന് ജെഡിയുവും ആർഎൽഡിയും എൽജെപിയും ഉൾപ്പടെയുള്ള എൻഡിഎ ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കി. എന്നാൽ, നിയന്ത്രണം പിൻവലിക്കില്ലെന്ന നിലപാടിലാണ് ആദിത്യനാഥ്. തന്റെ ശൈലിക്ക് എതിരെ ബിജെപിക്കുള്ളിൽ വിമർശമുയർന്ന പശ്‌ചാത്തലത്തിൽ ശൈലി മാറ്റാൻ തയാറല്ലെന്ന പരസ്യപ്രഖ്യാപനമാണ് ആദിത്യനാഥ് നടത്തുന്നതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. Read on deshabhimani.com