‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഉടനെന്ന് അമിത് ഷാ
ന്യൂഡൽഹി ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ മൂന്നാം എൻഡിഎ സർക്കാരിന്റെ കാലത്തുതന്നെ നടത്തുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമമന്ത്രി അമിത് ഷാ. നരേന്ദ്രമോദി സർക്കാർ 100ദിവസം പൂർത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്തതാസമ്മേളനത്തിലാണ് പ്രഖ്യാപനം. ഇതിനുള്ള നയചട്ടക്കൂട് തയ്യാറാക്കിയെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ വെളിപ്പെടുത്തിയിരുന്നു. ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം നിയമിച്ച രാംനാഥ് കോവിന്ദ് സമിതി 2029ൽ ഒറ്റ തെരഞ്ഞെടുപ്പ് ആവാമെന്നാണ് ശുപാർശ നൽകിയത്. കോൺഗ്രസ്, സിപിഐ എം, സിപിഐ, തൃണമൂൽ, ബിഎസ്‌പി, എഎപി തുടങ്ങി 15 പ്രതിപക്ഷ പാർടികൾ സമിതിക്ക് മുമ്പിൽ വിയോജിപ്പറിയിച്ചു. എൻഡിഎ സഖ്യകക്ഷികളടക്കം 36 പാർടികൾ യോജിച്ചുവെങ്കിലും ടിഡിപി അഭിപ്രായം പറഞ്ഞിട്ടില്ല. കേവലഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് ടിഡിപിയെ പിണക്കി മുന്നോട്ടുപോകാനാകില്ല. Read on deshabhimani.com