ശിക്ഷാനിയമവും ക്രിമിനൽ ചട്ടവും ഭേദഗതിചെയ്യും: അമിത്‌ ഷാ



പുണെ >   രാജ്യത്തിന്‌ കൂടുതൽ അനുയോജ്യമായ തരത്തിൽ ഇന്ത്യൻ ശിക്ഷാ നിയമവും(ഐപിസി) ക്രിമിനൽ നടപടി ചട്ടവും (സിആർപിസി) ഭേദഗതിചെയ്യുമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ. സ്‌ത്രീപീഡനവും ബലാത്സംഗവും ഉൾപ്പെടെയുള്ള ഹീന കുറ്റകൃത്യങ്ങൾക്ക്‌ ലഭിക്കുന്ന ശിക്ഷയിലെ പാളിച്ചകളും മെല്ലെപ്പോക്കും ചർച്ചയായതിനെ തുടർന്നാണ്‌ ഇടപെടൽ.  പുണെയിൽ ഡിജിപിമാരുടെയും ഐജിമാരുടെയും 54ാമത്‌ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഐപിസിയും സിആർപിസിയും ഭേദഗതിചെയ്യുന്നതിന്‌ നിർദേശങ്ങൾ സമർപ്പിക്കാൻ ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട്‌ ആവശ്യപ്പെട്ടിരുന്നു.  അതിവേഗം നീതി ലഭ്യമാക്കുക എന്നത്‌ ആധുനിക ജനാധിപത്യത്തിൽ പ്രധാനപ്പെട്ടതാണെന്ന്‌ അമിത്‌ ഷാ പറഞ്ഞു. ഓൾ ഇന്ത്യ പൊലീസ് യൂണിവേഴ്‌സിറ്റിയും ഓൾ ഇന്ത്യ ഫോറൻസിക്‌ സയൻസ്‌ യൂണിവേഴ്‌സിറ്റിയും സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്‌. ഈ സർവകലാശാലയുടെ നിയന്ത്രണത്തിൽ സംസ്ഥാനങ്ങളിൽ കോളേജുകൾ തുടങ്ങും. ബലാത്സംഗക്കേസിലും കൊലപാതകമുൾപ്പെടെയുള്ള കുറ്റങ്ങളിലും അതിവേഗം വിചാരണ നടത്തുന്നതിന്‌ ഐപിസിയും സിആർപിസിയും പരിഷ്‌കരിക്കുമെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻറെഡ്ഡിയും കഴിഞ്ഞയാഴ്‌ച പറഞ്ഞിരുന്നു. ഞായറാഴ്‌ച സമാപിച്ച മൂന്നുദിവസ കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്‌ കുമാർ ബല്ല എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News