നാഗ്‌പുരിൽ അനിൽ ദേശ്‌മുഖിനു നേരെ ആക്രമണം; തലയ്ക്ക് പരിക്ക്
നാഗ്‌പുർ മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രിയും എൻസിപി ശരദ് പവാർ പക്ഷത്തെ പ്രമുഖ നേതാവുമായ അനിൽ ദേശ്‌മുഖിനുനേരെ നാഗ്‌പുരിൽ ആക്രമണം. തിങ്കൾ രാത്രി തെരഞ്ഞെടുപ്പ് യോഗം കഴിഞ്ഞുമടങ്ങവേ കാടോൾ–- ജലാൽഖേഡ റോഡിൽ ബെൽഫാറ്റയിൽവച്ച് അദ്ദേഹത്തിന്റെ കാറിനുനേരെ അക്രമികൾ കല്ലെറിയുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അനിൽ ദേശ്‌മുഖിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ ഗ്ലാസുകൾ തകർന്നു. ബുധനാഴ്‌ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷ പാർടി നേതാവിനുനേരെ ആക്രമണമുണ്ടായത്. കട്ടോൾ പൊലീസ് സ്റ്റേഷനുമുമ്പിൽ ആളുകൾ തടിച്ചുകൂടി പ്രതിഷേധിച്ചു. എൻഡിഎ ഭരണത്തിലുള്ള സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായി തകർന്നെന്ന് പ്രതിപക്ഷ പാർടികൾ ആരോപിച്ചു. സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അനിൽ ദേശ്‌മുഖിന്റെ മകൻ സലിൽ ദേശ്‌മുഖാണ് കാടോൾ മണ്ഡലത്തിലെ എൻസിപി സ്ഥാനാർഥി. ബിജെപിയാണ് മുഖ്യ എതിരാളി. Read on deshabhimani.com