അര്‍ജുന്റെ ലോറി കണ്ടെത്തി; ക്യാബിനില്‍ മൃതദേഹം ഉള്ളതായി വിവരം
ഷിരൂര്‍> കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനില്‍ അര്‍ജുന്റേതെന്ന് കരുതുന്ന മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം അര്‍ജുന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. അപകടം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും അര്‍ജുനെന്ത് പറ്റി എന്നത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. അര്‍ജുനെക്കുറിച്ച് ഒരു സൂചനയെങ്കിലും ലഭിക്കാന്‍ കോഴിക്കോട് ഒരു കുടുംബമാകെ കാത്തിരിപ്പിലായിരുന്നു.അതിനിടെയാണ് പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കി ഉച്ചയോടെ ലോറിയുടെ ക്യാബിന്‍ ഭാഗവും അര്‍ജുന്റേതെന്ന് കരുതുന്ന മൃതദേഹവും അന്വേഷണ സംഘത്തിന് ലഭിച്ചത് കനത്ത മഴയെ തുടര്‍ന്ന് ജൂലൈ 16ന് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതാകുന്നത്. അര്‍ജുന്‍ സഞ്ചരിച്ച ലോറി പുഴയില്‍ വീണിട്ടില്ലെന്നായിരുന്നു പ്രാഥമിക സ്ഥിരീകരണം. അപകടത്തിന്റ അടുത്ത ദിവസങ്ങളില്‍ നേവി സംഘം ഗംഗാവലി പുഴയില്‍ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായ മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. അപകടം നടന്ന് മൂന്ന് ദിവസമായിട്ടും രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ന്ന് കത്തയച്ചു .തെരച്ചില്‍ ആരംഭിച്ച ആദ്യ ദിനങ്ങളില്‍ മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്ത ഓരോ നിമിഷവും അര്‍ജുന്റെ കുടുംബം മറുതലയ്ക്കല്‍ അര്‍ജുനെ പ്രതീക്ഷിച്ചു. അര്‍ജുന്‍ മടങ്ങി വരുമെന്ന അവരുടെ പ്രതീക്ഷ ഉറപ്പിച്ച നിമിഷങ്ങളായിരുന്നു അത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ രക്ഷാദൗത്യത്തിലും കാര്യമായ പുരോഗതി കണ്ടെത്താനായില്ല. അപകടവിവരം അറിഞ്ഞ അടുത്ത ദിവസം മുതല്‍ ലോറി ഉടമ മനാഫ്, സഹോദരന്‍ അഭിജിത്ത്, സഹോദരി ഭര്‍ത്താവ് ജിതിന്‍ എന്നിവരും ലോറി കണ്ടെത്തുമെന്ന പ്രതീക്ഷയോടെ ദുരന്തസ്ഥലത്തുണ്ടായിരുന്നു. അര്‍ജുനുള്‍പ്പെടെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തി പരിശോധന നടത്തമെന്നായിരുന്നു അര്‍ജുന്റ കുടുംബത്തിന്റ ആവശ്യം. സൈന്യം, നേവി, എന്‍ഡിആര്‍എഫ് സംഘങ്ങള്‍, ഉത്തരാഖണ്ഡിലും പെട്ടിമുടിയിലും തെരച്ചിലിനിറങ്ങിയ സന്നദ്ധ രക്ഷാ സംഘത്തിലുണ്ടായിരുന്ന രഞ്ജിത് ഇസ്രയേല്‍, മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ എന്നിവരുടെ തെരച്ചിലില്‍ അര്‍ജുനെയോ, അര്‍ജുന്റെ ലോറിയെക്കുറിച്ചോ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. അര്‍ജുന്‍ ഉള്‍പ്പെടെ നാല് പേരെ മണ്ണിടിച്ചിലില്‍ കാണാതായിരുന്നു. ഗംഗാവലി പുഴയിലെ തെരച്ചിലില്‍ പിന്നീട് ഒരു സ്ത്രീയുടെ മൃതേ0ദഹം കണ്ടെത്തിയിരുന്നു. റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് വീണ്ടും പരിശോധനകള്‍ തുടര്‍ന്നെങ്കിലും മറ്റ് തെളിവുകളൊന്നും ലഭിച്ചില്ല. കൂടുതല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് വീണ്ടും തെരച്ചില്‍ തുടര്‍ന്നു. അര്‍ജുനെ കാണാതായി പന്ത്രണ്ടാം നാള്‍ കുടുംബത്തെയും കേരളത്തെയും ആകെ കണ്ണീരിലാഴ്ത്തി കര്‍ണാടക അധികൃതര്‍ തെരച്ചിലില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും അര്‍ജുന്റെ കുടുംബവും തെരച്ചില്‍ അവസാനിപ്പിക്കരുതെന്ന് കര്‍ണാടക സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതിനെതുടര്‍ന്നാണ് ദക്ഷാദൗത്യം തുടരാന്‍ തീരുമാനിച്ചത്. ആഗസ്ത് 16ന് രക്ഷാദൗത്യം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ കേരളം രക്ഷാദൗത്യത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ആഴത്തിലുള്ള രക്ഷാ ദൗത്യത്തിന് ഡ്രഡ്ജര്‍ ആവശ്യമായിരുന്നു. സെപ്തംബര്‍ 11ന് ഗോവ പോര്‍ട്ടില്‍നിന്ന് കൂറ്റന്‍ ഡ്രഡ്ജര്‍ ഷിരൂരിലെത്തിച്ചു. 12നാണ് തെരച്ചില്‍ പുനരാരംഭിച്ചത്. ട്രക്കിലെ വാട്ടര്‍ടാങ്ക് ക്യാരിയര്‍ തുടര്‍ന്നുള്ള തെരച്ചിലില്‍ കണ്ടെത്തി. എന്നാല്‍ ഇത് അര്‍ജുന്റെ ലോറിയുടേതല്ല എന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പരിശോധന പുഴയില്‍ നടക്കുന്നതിനൊപ്പം മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെ സമാന്തര തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കൃത്യമായ അനുമതി നല്‍കാത്തതിനാല്‍ തടസപ്പെടുത്തുന്ന സമീപനം തുടർന്നതോടെ ഈശ്വര്‍ മാല്‍പെ തിരച്ചി. അവസാനിപ്പിച്ച് മടങ്ങി. മാല്‍പെയുടെ തെരച്ചിലില്‍ ലോഹഭാഗങ്ങളും കയര്‍ കഷ്ണവും, മരത്തടികളും കണ്ടെത്തിയിരുന്നു. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തിയത്. സിപി 2ൽ നിന്നാണ് ലോറി കണ്ടെത്തിയത്. ലോറി കണ്ടെത്തിയതിൽ സന്തോഷമല്ല, ഒരു ഉത്തരം കിട്ടിയെന്ന സമാധാനമുണ്ടെന്ന് ലോറി ഉടമ മനാഫ് പ്രതികരിച്ചു. Read on deshabhimani.com