ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: ആർമി ക്യാപ്റ്റന് വീരമൃത്യു



ജമ്മു സ്വാതന്ത്ര്യദിനത്തലേന്ന്  ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ അസറിലെ കൊടുംവനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കരസേന ക്യാപ്റ്റന് വീരമൃത്യു.  ഭീകരൻ കൊല്ലപ്പെട്ടു. മൂന്നു ഭീകരര്‍ക്കായി തിരച്ചിൽ തുടരുന്നു. ഭീകരരുടെ വെടിവയ്പിൽ പ്രദേശവാസിക്ക്‌ പരിക്കേറ്റു. ഭീകരരെ തുരത്താനുള്ള ഓപ്പറേഷൻ നയിച്ച  48 രാഷ്ട്രീയ റൈഫിള്‍സ് ക്യാപ്റ്റന്‍ ദീപക് സിങ് ആണ് വീരമൃത്യുവരിച്ചത്. വെടിയേറ്റിട്ടും ഏറ്റുമുട്ടൽ തുടരാൻ സഹസൈനികര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. ക്യാപ്റ്റനെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് സൈന്യം അറിയിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് യുഎസ് നിര്‍മിത എം4 റൈഫിളും ആയുധങ്ങളും മറ്റും സൂക്ഷിച്ച മൂന്ന് തോള്‍‌സഞ്ചി ചോരയിൽ കുതിര്‍ന്ന നിലയില്‍ കണ്ടെത്തി. മറ്റു ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് സംശയിക്കുന്നു.  നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന  ജമ്മു കശ്മീരിൽ ഒരിടവേളയ്ക്കുശേഷം ഭീകരാക്രമണം ആവർത്തിക്കുകയാണ്. ഞായറാഴ്ച അനന്ത്നാ​ഗിൽ ഏറ്റുമുട്ടലിൽ രണ്ട് സൈനികരും നാട്ടുകാരനും കൊല്ലപ്പെട്ടു. ജൂലൈയിൽ 12 സൈനികരാണ് വീരമൃത്യുവരിച്ചത്. ​ Read on deshabhimani.com

Related News