അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു



ന്യൂഡൽഹി> അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവച്ചു. ലഫ്. ഗവർണർ വി കെ സക്സേനയുടെ വസതിയിലെത്തി രാജിക്കത്ത് കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷി മർലെനയ്‌ക്കൊപ്പമെത്തിയാണ് കെജ്‌രിവാൾ രാജിക്കത്ത് കൈമാറിയത്. കെജ്‌രിവാൾ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയെ നിർദേശിച്ചത്.   തുടർന്ന് നിയുക്ത മുഖ്യമന്ത്രിയായി തന്നെ എംഎൽ എമാർ തെരഞ്ഞെടുത്ത പിന്തുണക്കത്ത് അതിഷി ലഫ്. ഗവർണർക്ക് കൈമാറി. പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവും അതിഷി ഉന്നയിച്ചു. 11 വര്‍ഷത്തിന് ശേഷമാണ് അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി പദം ഒഴിയുന്നത്. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കെജ്‌രിവാള്‍ ഞായറാഴ്ചയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചത്. അന്ന് പറഞ്ഞത് പോലെ കൃത്യം രണ്ടുദിവസത്തിനകം തന്നെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കുംവരെ താൻ ആ കസേരയില്‍ ഇരിക്കില്ലെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം. തനിക്ക് കോടതിയില്‍നിന്ന് നീതി ലഭിച്ചു. ഇനി ജനങ്ങളുടെ കോടതിയിൽനിന്നും നീതി ലഭിക്കും. ജനങ്ങളുടെ വിധിപ്രഖ്യാപനം ഉണ്ടായതിനു ശേഷം മാത്രമേ താന്‍ ഇനി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കൂവെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ഹരിയാണയിലും ഡൽഹിയിലും സംസ്ഥാന തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കയാണ്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കെജ്‌രിവാളിന്‍റെ നീക്കം. ഈ മാസം 26,27 തീയതികളിലായി ഡൽഹി നിയമസഭ സമ്മേളനം ചേരും. ഇതിൽ പുതിയ മുഖ്യമന്ത്രിയും സർക്കാരും ഭൂരിപക്ഷം തെളിയിക്കും. അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്ന പ്രമേയം കെജ്‌രിവാളാണ് യോഗത്തില്‍ അവതരിപ്പിച്ചത്. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അതിഷി. എംഎല്‍എമാരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അതിഷിയെ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് ഗോപാൽ റായ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. Read on deshabhimani.com

Related News