കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
ന്യൂഡൽഹി> ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസിൽ സ്ഥിരജാമ്യം തേടിയുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ഇരുഭാഗത്തിന്റെയും വാദംകേട്ടശേഷമാണ് ജസ്റ്റിസ് നീന ബൻസാൽ കൃഷ്‌ണ ഹർജി വിധി പറയാൻ മാറ്റിയത്. ഇടക്കാലജാമ്യം തേടിയ കെജ്‌രിവാളിന്റെ ഹർജിയും ഇതേ ജഡ്‌ജി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ഇഡി ചുമത്തിയ മദ്യനയക്കേസില്‍ സുപ്രീംകോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. സിബിഐകേസിൽ കൂടി ജാമ്യം ലഭിച്ചാൽ മോചിതനാകാം. അതേസമയം, കേസിൽ സിബിഐ റൗസ് അവന്യു കോടതിയിൽ കെജ്‌രിവാളിനും മനീഷ് സിസോദിയക്കും കെ കവിതയ്‌ക്കും എതിരെ അന്തിമകുറ്റപത്രം സമർപ്പിച്ചു. പ്രധാന കുറ്റപത്രവും നാല് അനുബന്ധ കുറ്റപത്രങ്ങളും നേരത്തെ സമർപ്പിച്ചിരുന്നു. മുഖ്യസൂത്രധാരൻ കെജ്‌രിവാളാണെന്നും എല്ലാ തെളിവും ലഭിച്ചെന്നും സിബിഐക്കുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി പി സിങ് വാദിച്ചു. ഇഡി കേസിൽ ജാമ്യം ഉറപ്പായതിനാലാണ് സിബിഐ തിടുക്കത്തിൽ അറസ്റ്റ് ചെയ്‌തതെന്ന് കെജ്‌രിവാളിനുവേണ്ടി മനു അഭിഷേക് സിങ്‌വി വാദിച്ചു. മദ്യനയത്തിൽ കെജ്‌രിവാൾ മാത്രമല്ല ലെഫ്. ഗവർണർ അനിൽ ബെയ്‌ജാളും ഒപ്പിട്ടിട്ടു. സിബിഐയുടെ യുക്തി അനുസരിച്ചാണെങ്കിൽ ലെഫ്. ഗവർണറും കേസിൽ പ്രതിയാകേണ്ടതല്ലേയെന്നും സിങ്‌വി ചോദിച്ചു. Read on deshabhimani.com