19 കാരനെ വെടിവെച്ചുകൊന്ന സംഭവം: മുസ്ലിങ്ങള്‍ എന്താ മനുഷ്യരല്ലെയെന്ന് ആര്യമിശ്രയുടെ അമ്മ
ന്യുഡല്‍ഹി> പശു കടത്തുകാരനെന്ന് ആരോപിച്ച് 19 കാരനെ ബജ്രംഗ് ദംള്‍ പ്രവര്‍ത്തകര്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി മരിച്ച ആര്യന്‍ മിശ്രയുടെ മാതാവ് ഉമ. മുസ്ലിമാണെന്ന് കരുതിയാണ് ആര്യനെ കൊലപ്പെടുത്തിയതെന്നും ഒരു ബ്രാഹ്‌മണനെ കൊന്നതില്‍ ഖേദിക്കുന്നുവെന്നും കൗശിക് പറഞ്ഞു. ഇതിന് പിന്നാലെയാണ് മാതാവിന്റെ പ്രതികരണം. 'മുസ്ലിങ്ങള്‍ എന്താ മനുഷ്യരല്ലെ? അവരും നമ്മുടെ സഹോദരങ്ങള്‍ അല്ലെ? പിന്നെ എന്തിനാണ് അവരെ കൊല്ലുന്നത്? ഞങ്ങളുടെ വീടിന്റെ പരിസരത്തുള്ള മുസ്ലിം സഹോദരങ്ങള്‍ ഞങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യാറുള്ളത്,' ഉമ പറഞ്ഞു. കഴിഞ്ഞ മാസം ഓഗസ്റ്റ് ഒമ്പതിനാണ് പ്ലസ് ടു വിദ്യാര്‍ഥിയായ ആര്യന്‍ മിശ്രയെ ഹരിയാനയിലെ പള്‍വാന ജില്ലയിലെ ഗഡ്പുരി ടോള്‍ പ്ലാസയ്ക്ക സമീപം വെച്ച് ഗോരക്ഷ പ്രവര്‍ത്തകര്‍ വെടിവെച്ച് കൊല്ലുന്നത്. ആര്യന്‍ പശുക്കടത്തുകാരനാണെന്ന സംശയത്തില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് ആര്യന്‍ സഞ്ചരിച്ച കാര്‍ 30 കിലോമീറ്ററോളം പിന്തുടര്‍ന്ന സംഘം കാര്‍ തടഞ്ഞുനിര്‍ത്തി ആര്യനെ വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആര്യന്റെ പിതാവ് സിയാനന്ദ് പ്രതികളിലൊരാളായ അനില്‍ കൗശികിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. അയാള്‍ മുസ്ലിം ആണെന്ന് തെറ്റിദ്ധരിച്ച് ആര്യനെ കൊന്നതില്‍ കാല്‍ പിടിച്ച് മാപ്പ് പറഞ്ഞതായും അച്ഛന്‍ പറഞ്ഞു. ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഉമയുടെ പ്രതികരണം. Read on deshabhimani.com