ജുമ നമസ്കാരത്തിനുള്ള ഇടവേള ഒഴിവാക്കി അസം സർക്കാർ

image credit Himanta Biswa Sarma facebook


ഗുവാഹത്തി> നിയമസഭയിൽ  ജുമ നമസ്കാരത്തിന് വേണ്ടി വെള്ളിയാഴ്ചകളിലെ ഇടവേള അനുവദിക്കുന്ന പതിവ് നിർത്താൻ അസം നിയമസഭയിൽ തീരുമാനമായി. ബ്രിട്ടീഷ്‍കാലം മുതൽ തുടർന്നിരുന്ന നിയമമാണ്‌ ഇതോടെ അവസാനിച്ചത്‌. ഇനി മുതൽ ജുമ നമസ്കാരത്തിനായി വെള്ളിയാഴ്‌ചകളിൽ മുസ്ലിം എംഎൽഎമാർക്ക് പ്രത്യേക ഇടവേളയുണ്ടാവില്ലെന്ന്‌ അസം സർക്കാർ അറിയിച്ചു. ജുമ നമസ്കാരത്തിനായി 12 മണി മുതൽ രണ്ട് മണി വരെയാണ് ഇടവേള. ഈ നിയമം മാറ്റുകയാണ്. ഇനി മുതൽ പ്രത്യേക ഇടവേള ഉണ്ടാവില്ലെന്ന് ബിജെപി എംഎൽഎ ബിശ്വജിത്ത് ഫുകനാണ്‌ അറിയിച്ചത്‌. അസം നിയമസഭ സ്പീക്കർ ബിശ്വജിത് ഡൈമറി വിളിച്ചു​ചേർത്ത യോഗത്തിലാണ് തീരുമാനമെടുത്തതെന്നും എല്ലാവരും ഇതിനെ അനുകൂലിച്ചുവെന്നും ബിജെപി എംഎൽഎ അവകാശപ്പെട്ടു. രാജ്യസഭയിലോ ലോക്സഭയിലോ മറ്റ് നിയമസഭകളിലോ ഇത്തരത്തിൽ ജുമ നമസ്കാരത്തിനായി ഇടവേള അനുവദിക്കാറില്ല. അതുകൊണ്ടാണ് ഈ നിയമം മാറ്റാൻ സ്പീക്കർ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതരക്കും വെള്ളിയാഴ്‌ച ഒമ്പത് മണിക്കുമാണ്‌ അസം നിയമസഭ സമ്മേളനം തുടങ്ങുന്നത്‌. എന്നാൽ, വെള്ളിയാഴ്ചയിലെ  ഇടവേള ഒഴിവാക്കിയതോടെ ഇനി എല്ലാ ദിവസവും ഒമ്പതരക്ക്‌ സമ്മേളനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മുസ്ലിം വിവാഹ നിയമത്തില്‍ പുതിയ ബില്ല് പാസാക്കിയിരുന്നു അസം നിയമസഭ. നിയമപ്രകാരം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസായി ഉയര്‍ത്തി. ആണ്‍കുട്ടികളുടെ പ്രായം 21 ആക്കി.പുതിയ നിയമത്തിന് കീഴില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ആറ്‌ വ്യവസ്ഥകള്‍ പാലിക്കണം. 1935 ലെ മുസ്ലിം വിവാഹ-വിവാഹമോചന നിയമത്തെ റദ്ദാക്കിയാണ് പുതിയ ബില്ല് അവതരിപ്പിച്ചത്. Read on deshabhimani.com

Related News