ഖാസിമാർ വേണ്ട; മുസ്ലിം വിവാഹ രജിസ്ട്രേഷൻ ബില്ല്‌ പാസാക്കി അസം മന്ത്രിസഭ



ന്യൂഡൽഹി> ബുധനാഴ്‌ച ചേർന്ന അസം മന്ത്രി സഭായോഗത്തിൽ മുസ്ലിം വിവാഹ രജിസ്ട്രേഷൻ ബില്ല്‌ പാസാക്കി.  ഇതോടെ മുസ്ലിം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് പുരോഹിതരെ വിലക്കും. മുസ്ലിം വിവാഹങ്ങളുടെ രജിസ്ട്രേഷൻ ഇനി മുതൽ സബ് രജിസ്ട്രാർ ചെയ്യും. നേരത്തെ സബ് രജിസ്ട്രാർക്ക് മാത്രമേ മുസ്ലിം വിവാഹങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്യുന്ന ബിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചിരുന്നു. വിവാഹ രജിസ്ട്രേഷൻ സർക്കാർ ഉദ്യോ​ഗസ്ഥന് കീഴിലായിരിക്കണം എന്ന് മാത്രമാണ് ബില്ലിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് യുവാവിന്‌ 21 വയസും പെൺകുട്ടിക്ക്‌ 18വയസുമാണെങ്കിൽ  വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ പുതിയ ബിൽ പ്രകാരം പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിക്കും വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലൗ ജിഹാദിനെ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകരമാക്കുന്ന പുതിയ നിയമം അസം സംസ്ഥാന സർക്കാർ കൊണ്ടുവരുമെന്ന് ഹിമന്ത ബിശ്വ ശർമ അടുത്തിടെ പറഞ്ഞിരുന്നു. Read on deshabhimani.com

Related News