ജിരിബാമിൽ കൊല്ലപ്പെട്ടവരിൽ മൂന്നു പേരുടെ ശരീരത്തിൽ വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ഇംഫാൽ > മണിപ്പുരിലെ ജിരിബാമിൽനിന്ന് കൊല്ലപ്പെട്ട മെയ്‌ത്തി വിഭാഗക്കാരായ ആറ് പേരിൽ മൂന്നാളുകളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കൊല്ലപ്പെട്ടവരിൽ മൂന്നുപേരുടെ ശരീരത്തിൽ നിന്നായി വെടിയുണ്ടകളും മുറിവുകളും ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അസമിലെ കച്ചാർ ജില്ലയിലെ സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. കൊല്ലപ്പെട്ട മൂന്നുവയസ്സുകാരൻ ചിങ്കീംഗൻബ സിങ്ങിന്റെ തലയോട്ടിയിൽ നിന്ന് വെടിയുണ്ട ലഭിച്ചതായി അധികൃതർ അറിയിച്ചു. കുട്ടിയുടെ ദേഹത്ത് നിന്ന് വെടിയുണ്ടകൾക്കു പുറമേ മുറിവുകളും ഉള്ളതായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ ദേഹത്ത് നിന്ന് നാല് വെടിയുണ്ടകളും മുത്തശ്ശിയുടെ ദേഹത്ത് നിന്ന് അഞ്ച് വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ഇനിയും ലഭിക്കാനുണ്ടെന്ന് അധികൃതർ അറിയിച്ചു. അയൽ സംസ്ഥാനമായ അസമിൽനിന്നാണ് ആറുപേരുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. ജിരിബാമിൽ കഴിഞ്ഞ തിങ്കളാഴ്‌ച കുക്കി വിഭാഗത്തിലെ 11 പേർ സിആർപിഎഫ് നടപടിയിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇവരെ കാണാതായത്. കുക്കി തീവ്രവാദികൾ ഇവരെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപണം ഉയർന്നിരുന്നു. ആറുപേരും കൊല്ലപ്പെട്ടതോടെ തലസ്ഥാനമായ ഇംഫാൽ പിരിമുറുക്കത്തിലായി. Read on deshabhimani.com