കാർഷിക മേഖലക്കുള്ള വായ്പാ ലഭ്യത; കുറഞ്ഞ പലിശയ്ക്ക് ഫണ്ട് അനുവദിക്കണമെന്ന് നബാർഡ് എംപ്ലോയീസ് അസോസിയേഷൻ
ന്യൂഡൽഹി > കാർഷിക മേഖലക്കുള്ള വായ്പാ ലഭ്യത ഉറപ്പാക്കുവാൻ നബാർഡിന് കുറഞ്ഞ പലിശയ്ക്ക് റിസർവ് ബാങ്ക് ഫണ്ട് അനുവദിക്കണമെന്ന് ആൾ ഇന്ത്യ നബാർഡ് എംപ്ലോയീസ് അസോസിയേഷൻ. പ്രമേയത്തിലൂടെയാണ് കേന്ദ്രത്തോട് എംപ്ലോയീസ് അസോസിയേഷൻ ആവശ്യമുന്നയിച്ചത്. 2023-24 ൽ റിസർവ് ബാങ്കിന്റെ വരുമാനം 2.75 ലക്ഷം കോടിയായി കണക്കാക്കുകയാണെങ്കിൽ 22000 കോടിക്കും 25750 കോടിക്കും ഇടയിലായിരിക്കും ഗ്രാമീണ മേഖലയ്ക്കായി അനുവദിക്കേണ്ടി വരിക. 1992 വരെയുള്ള കാലയളവിൽ ഇത്തരത്തിൽ തുക അനുവദിച്ചിരുന്നു. എന്നാൽ നിയോ ലിബറൽ നയങ്ങളുടെ അവതരണത്തെ തുടർന്ന് അത് നിർത്തിവെയ്ക്കുകയും കേന്ദ്ര സർക്കാരിന്റെ വർദ്ധിച്ചുവരുന്ന ധനക്കമ്മി നികത്തുവാൻ ഈ പണം ഉപയോഗിക്കുകയും ചെയ്തു. ഇത് നബാർഡ് ആക്ട്, 1981 ലെ സെക്ഷൻ 42, 43, 1935 ലെ ആർബിഐ ആക്ടിൻ്റെ സെക്ഷൻ 46 എ എന്നിവയ്ക്ക് വിരുദ്ധമാണ്. ആദായനികുതി അടയ്ക്കുന്നതിൽ നിന്ന് നബാർഡിനെ കേന്ദ്ര സർക്കാർ ഒഴിവാക്കണമെന്നും ഗ്രാമീണ കാർഷിക മേഖലയിലേക്ക് പലിശ കുറഞ്ഞ വായ്പാ ലഭ്യത ഉറപ്പാക്കാൻ നബാർഡിന് ഈ തുക വിനിയോഗിക്കാമെന്നും നബാർഡ് എംപ്ലോയീസ് അസോസിയേഷൻ വ്യക്തമാക്കി. Read on deshabhimani.com