നീതിദേവതയുടെ പ്രതിമയിലെ മാറ്റം; അതൃപ്തി അറിയിച്ച് സുപ്രീംകോടതി ബാർ അസോസിയേഷൻ
ന്യൂഡൽഹി സുപ്രീംകോടതിയുടെ ഔദ്യോഗിക ചിഹ്നത്തിലും നീതിദേവതയുടെ പ്രതിമയിലും വരുത്തിയ മാറ്റങ്ങളെ എതിർത്ത് സുപ്രീംകോടതി ബാർ അസോസിയേഷൻ. ഒരു സൂചനയും നൽകാതെ നടത്തിയ മാറ്റം ഏകപക്ഷീയമാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ നേതൃത്വത്തിലുള്ള ബാർ അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രമേയത്തിൽ വിമർശിച്ചു. നീതിന്യായ വ്യവസ്ഥയിൽ തുല്യപങ്കാളികളായിട്ടും മാറ്റങ്ങൾ മുൻകൂട്ടി അറിയിച്ചില്ല. മാറ്റങ്ങളുടെ യുക്തിയും അജ്ഞാതമാണ്. ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി തയ്യാറാക്കിയ പുതിയ ചിഹ്നവും പതാകയും കഴിഞ്ഞമാസമാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു അനാച്ഛാദനം ചെയ്‌തത്. അശോകചക്രം, സുപ്രീം കോടതി കെട്ടിടം, ഇന്ത്യൻ ഭരണഘടന എന്നിവയാണ് ചിഹ്നത്തിലുള്ളത്. ചുറ്റും ഇംഗ്ലീഷിൽ ഇന്ത്യൻ സുപ്രീംകോടതിയെന്നും ദേവനാഗരി ലിപിയിൽ ‘യതോ ധർമസ്തതോ ജയഃ’ എന്നും രേഖപ്പെടുത്തി. കണ്ണ് മൂടിയതും വലംകൈയിൽ വാളും ഇടം കൈയിൽ തുലാസും പിടിച്ച നീതിദേവതയുടെ പ്രതിമയിൽ കഴിഞ്ഞവർഷമാണ് മാറ്റംവരുത്തിയത്. കഴിഞ്ഞയാഴ്‌ച സുപ്രീംകോടതി ലൈബ്രറിയിൽ ഇത് സ്ഥാപിച്ചു. സാരിയുടുപ്പിച്ച പ്രതിമയുടെ കണ്ണ് തുറന്ന നിലയിലും തുലാസ് വലതു കൈയിലും ഇടത് കൈയിൽ ഭരണഘടനയുമാണ് പുതിയ രൂപം. നിഷ്‌പക്ഷതയെ പ്രതിനിധീകരിക്കുന്ന കൺമൂടി നീക്കം ചെയ്‌തതിനെതിരെ രാഷ്‌ട്രീയ പാർടികളും വിമർശമുന്നയിച്ചിരുന്നു. Read on deshabhimani.com