ഓൺലൈൻ പടക്ക വിൽപ്പന തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം; മുന്നറിയിപ്പുമായി തമിഴ്‌നാട് പൊലീസ്



ചെന്നൈ > ഓൺലൈൻ പടക്ക വിൽപ്പന തട്ടിപ്പുകൾ വർധിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പുമായി തമിഴ്‌നാട് സൈബർ ക്രൈം വിംഗ്. പടക്ക വിൽപ്പന തട്ടിപ്പുകൾ സംബന്ധിച്ച് സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി സെപ്തംബർ മുതൽ ഒക്‌ടോബർ വരെയുള്ള കാലയളവിൽ 17 പരാതികളാണ് ലഭിച്ചത്. ദീപാവലി ആഘോഷം മുതലെടുത്ത് പടക്ക വിൽപ്പന തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ഫേസ്‌ബുക്ക് തുടങ്ങിയ ജനപ്രിയ സൈറ്റുകളിൽ വ്യാജ പരസ്യങ്ങൾ വഴി തട്ടിപ്പുകൾ നടക്കാറുണ്ട്. ഈ പ്രമോഷനുകൾ പലപ്പോഴും പടക്കങ്ങൾക്ക് അല്ലെങ്കിൽ മറ്റ് ഉത്സവ ഇനങ്ങൾക്ക് കാര്യമായ കിഴിവുകൾ അറിയിച്ചുള്ളവയാകും. ഓൺലൈനിൽ ഉത്സവ ഓഫറുകൾ തേടുന്നവർ ഇത്തരം തട്ടിപ്പുകൾക്കിരയാകാറുണ്ട്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രത പുലർത്തണമെന്ന് പൊതുജനങ്ങൾക്ക് പൊലീസ് നിർദേശം നൽകി. ‌ ഓൺലൈൻ വിൽപ്പനക്കാരുടെ ആധികാരികത പരിശോധിക്കണം. പണമടയ്ക്കുന്നതിന് മുമ്പ് ഓൺലൈൻ  ഡീലർമാരെ ബന്ധപ്പെടാനുള്ള വിലാസങ്ങളും മറ്റ് വിവരങ്ങളും ഉണ്ടെന്ന് ഉറപ്പാക്കണം. സമാനമായ തട്ടിപ്പ് നടക്കുകയോ സംശയാസ്പദമായ പ്രവൃത്തി നേരിടുകയോ ചെയ്താൽ സൈബർ ക്രൈം ഫ്രീ ഫോൺ നമ്പറായ 1930-ൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ www.cybercrime.gov.in-ൽ സംഭവം റിപ്പോർട്ട് ചെയ്യണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ തമിഴ്നാട് പൊലീസ് അറിയിച്ചു.    Read on deshabhimani.com

Related News