ബിൽക്കിസ്‌ ബാനു കൂട്ടബലാത്സംഗക്കേസ്‌ ; രൂക്ഷവിമർശം നീക്കണമെന്ന 
ഗുജറാത്തിന്റെ ഹർജി തള്ളി



ന്യൂഡൽഹി ബിൽക്കിസ്‌ ബാനു കൂട്ടബലാത്സംഗക്കേസിലെ 11 കുറ്റവാളികൾക്ക്‌ ശിക്ഷാഇളവ്‌ നൽകി വിട്ടയച്ച ഉത്തരവ്‌ റദ്ദാക്കിക്കൊണ്ട്‌ സുപ്രീംകോടതി ഗുജറാത്ത്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ച പരാമർശങ്ങൾ നീക്കണമെന്ന ആവശ്യം തള്ളി. ഗുജറാത്ത്‌ സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി ജസ്‌റ്റിസുമാരായ ബി വി നാഗരത്ന, ഉജ്വൽഭുയാൻ എന്നിവരുടെ ബെഞ്ചാണ്‌ തള്ളിയത്‌. ബിൽക്കിസ്‌ബാനുവിന്റെ ഹർജി പരിഗണിച്ചാണ്‌ സുപ്രീംകോടതി ശിക്ഷാഇളവ്‌ ഉത്തരവ്‌ റദ്ദാക്കിയത്‌. കോടതിയെ തെറ്റിദ്ധരിപ്പിച്ച്‌ ശിക്ഷാഇളവ്‌ നേടാനാണ്‌ കുറ്റവാളികൾ നോക്കിയതെന്നും ഗുജറാത്ത്‌ സർക്കാർ അവരെ സഹായിച്ചെന്നും കോടതി തുറന്നടിച്ചു. ഈ പരാമർശങ്ങൾ വലിയ മാനക്കേടുണ്ടാക്കിയെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ഗുജറാത്ത്‌ സർക്കാർ പുനഃപരിശോധനാഹർജി നൽകിയത്‌. കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികൾക്ക്‌ ശിക്ഷാഇളവ്‌ നൽകിയതും വിഎച്ച്‌പി ഉൾപ്പടെയുള്ള സംഘടനകൾ അവര്‍ക്ക് വൻവരവേൽപ്പ്‌ നൽകിയതും ദേശീയ, അന്തർദേശീയതലത്തിൽ വലിയ വാർത്തയായിരുന്നു. ശിക്ഷാഇളവ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണി അലി ഉൾപ്പടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. Read on deshabhimani.com

Related News